
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളിയെന്ന് ആരോപിച്ച് മുന്‍ പാകിസ്ഥാന്‍ നായകന്‍ റമീസ് രാജ. ഇന്നലെ യുഎഇക്കെതിരായ മത്സരത്തില്‍ ബഹിഷ്കരണ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് അടിയന്തര കൂടിയാലോചനകള്‍ക്ക് എത്തിയപ്പോഴാണ് റമീസ് രാജ പൈക്രോഫ്റ്റിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹ്സിന്‍ നഖ്‌വിയെ അടുത്തു നിര്‍ത്തിയാണ് പൈക്രോഫ്റ്റിനെതിരെ റമീസ് രാജ ഗുരുതര ആരോപണം ഉന്നയിച്ചത്. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യക്ക് ഏറ്റവും പ്രിയപ്പെട്ട മാച്ച് റഫറിയാണ് പൈക്രോഫ്റ്റെന്നും ഇന്ത്യക്ക് അനാവശ്യ പരിഗണന നല്‍കുന്നതില്‍ പ്രമുഖനാണെന്നും പറഞ്ഞ റമീസ് രാജ, പൈക്രോഫ്റ്റ് ഇന്ത്യയുടെ 90ലേറ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
എന്നാല്‍ റമീസ് രാജയുടെ ആരോപണത്തിന് പിന്നാലെ ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ എത്ര മത്സരങ്ങളില്‍ മാച്ച് റഫറിയായിരുന്നിട്ടുണ്ടെന്നതിന്‍റെ കണക്കുകള്‍ പുറത്തുവന്നു. 600ലേറെ രാജ്യാന്തര മത്സരങ്ങളില്‍ മാച്ച് റഫറിയായിട്ടുള്ള പൈക്രോഫ്റ്റ് ഇന്ത്യയുടെ 124 മത്സരങ്ങളിലാണ് മാച്ച് റഫറിയായിട്ടുള്ളത്. പൈക്രോഫ്റ്റ് ഏറ്റവും കൂടുതല്‍ മത്സരം നിയന്ത്രിച്ചിട്ടുള്ളത് ഇന്ത്യുടേതല്ല ദക്ഷിണാഫ്രിക്കയുടേതാണ്. 135 മത്സരങ്ങള്‍. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്, 132 മത്സരങ്ങള്‍. 124 മത്സരങ്ങളുമായി മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ. പാകിസ്ഥാന്‍റെ 102 മത്സരങ്ങളിലും പൈക്രോഫ്റ്റ് മാച്ച് റഫറിയായിരുന്നിട്ടുണ്ടെന്ന കാര്യം റമീസ് രാജ കണ്ടില്ലെന്ന് നടിച്ചുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതിനുപുറമെ റമീസ് രാജ ആരോപിക്കുന്നതുപോലെ മത്സരഗതി തീരുമാനിക്കുന്നതില്‍ ഓൺഫീല്‍ഡ് അമ്പയര്‍മാരുടെ റോള്‍ പോലും മാച്ച് റഫറിക്കില്ല. ഐസിസി പെരുമാറ്റച്ചടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും അച്ചടക്കലംഘനമുണ്ടായാല്‍ നടപടിയെടുക്കുകയും മാത്രമാണ് മാച്ച് റഫറിക്ക് ചെയ്യാനുള്ളത് എന്നിരിക്കെയാണ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളിക്കാരന്‍ എന്ന് റമീസ് രാജ പൈക്രോഫ്റ്റിനെ വിശേഷിപ്പിച്ചത്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോട് നിര്‍ദേശിച്ച പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഇന്നലെ നടന്ന യുഎഇക്കെതിരായ മത്സരത്തില്‍ നിന്നും ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഒരു മണിക്കൂര്‍ താമസിച്ചാണ് മത്സരം തുടങ്ങിയത്. യുഎഇയെ തകര്‍ക്ക പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച ഇന്ത്യയുമായി പാകിസ്ഥാന് വീണ്ടും മത്സരിക്കാനിറങ്ങണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!