
മുംബൈ: മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യാ രഹാനെക്കും(Ajinkya Rahane) ചേതേശ്വര്‍ പൂജാരക്കും(Cheteshwar Pujara) രഞ്ജി ട്രോഫിയിലും നിരാശ. എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ദുര്‍ബലരായ ഗോവക്കെതിരെ രഹാനെ പൂജ്യത്തിന് പുറത്തായി. ഗോവക്കെതിരെ കരുത്തരായ മുംബൈ 163 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മൂന്ന് പന്ത് നേരിട്ടാണ് രഹാനെ പൂജ്യത്തിന് പുറത്തായത്.
കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രഹാനെക്ക് അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കായി ഡബിള്‍ സെഞ്ചുറി നേടിയ സര്‍ഫ്രാസ് ഖാന്‍ 63 റണ്‍സുമായി മുംബൈയുടെ ടോപ് സ്കോററായപ്പോള്‍ 30 റണ്‍സെടുത്ത തനുഷ് കൊട്ടിയാനും 27 റണ്‍സെടുത്ത സച്ചിന്‍ യാദവും 21 റണ്‍സെടുത്ത ഓപ്പണര്‍ അകാര്‍ഷിത് ഗോമലും മാത്രമെ മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ക്യാപ്റ്റന്‍ പൃഥ്വി ഷാ(Prithvi Shaw) ഒമ്പത് റണ്‍സെടുത്ത് പുറത്തായി.
കൂട്ടത്തകര്‍ച്ചക്കുശേഷം തകര്‍ത്തടിച്ച് ഗുജറാത്ത്, കേരളത്തിനെതിരെ മികച്ച സ്കോറിലേക്ക്
ഗോവക്കായി വലം കൈയന്‍ പേസര്‍ ലക്ഷ്യ ഗാര്‍ഗ് 46 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ അമിത് യാദവ് 47 റണ്‍സിന് നാലു വിക്കറ്റെടുത്തു, മറുപടി ബാറ്റിംഗ് തുടങ്ങിയ ഗോവ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന ശക്തമായ നിലയിലാണ്.
നിരാശപ്പെടുത്തി പൂജാര
മറ്റൊരു മത്സരത്തില്‍ ഒഡീഷക്കെതിരെ സൗരാഷ്ട്ര ആദ്യ ദിനം മികച്ച സ്കോര്‍ കുറിച്ചെങ്കിലും പൂജാര നിരാശപ്പെടുത്തി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒഡിഷക്കെതിരെ സൗരാഷ്ട്ര നാലു വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുന്ന ചിരാഗ് ജാനിയും അര്‍ധസെഞ്ചുറികള്‍ നേയി ഷെല്‍ഡണ്‍ ജാക്സണും(75), അര്‍പിത വാസവദയും(51*)ആണ് സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. ആറ് പന്ത് നേരിട്ട പൂജാര രണ്ട് ബൗണ്ടറിയടക്കം എട്ടു റണ്‍സെടുത്ത് പുറത്തായി.
സെഞ്ചുറിയുമായി കരുണ്‍ നായര്‍
എലൈറ്റ് ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തില്‍ ജമ്മു കശ്മീരിനെതിരെ കര്‍ണാടകക്കായി മലയാളി താരം കരുണ്‍ നായര്‍ സെഞ്ചുറി നേടി. 152 റണ്‍സുമായി പുറത്താകാതെ നില്‍കുന്ന കരുണിന്‍റെ ബാറ്റിംഗ് മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ഓപ്പണര്‍ രവികുമാര്‍ സമര്‍ത്ഥ് മാത്രമാണ് കരുണിന് പുറമെ കര്‍ണാടക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എട്ടു റണ്‍സെടുത്ത് പുറത്തായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ജമ്മു കശ്മീരിനായി ഉമ്രാന്‍ മാലിക്കും മുജ്താബ യൂസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഞെട്ടേണ്ട കാര്യമൊന്നുമില്ല, ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് വിരാട് കോലി
സെഞ്ചിറിയില്ലാതെ ദുള്‍
രഞ്ജി അരങ്ങേറ്റത്തിലെ ആദ്യ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി തിളങ്ങിയ അണ്ടര്‍-19 ക്യാപ്റ്റന്‍ ഡല്‍ഹിയുടെ യാഷ് ദുള്ളിന് ജാര്‍ഖണ്ഡിനെതിരെ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ജാര്‍ഖണ്ഡിനെ 251 റണ്‍സിന് പുറത്താക്കിയ ഡല്‍ഹി ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സെടുത്ത് ദുള്‍ പുറത്തായി. ഡല്‍ഹിക്കായി നാലോവര്‍ മാത്രം പന്തെറിഞ്ഞ ഇഷാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. നവദീപ് സെയ്നി മൂന്ന് വിക്കറ്റെടുത്തു.