എനിക്ക് കഴിയാത്ത കാര്യങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ഞാന്‍. എനിക്കിനിയും ഏറെ ചെയ്യാന്‍ കഴിയുമെന്ന് അറിയാമെങ്കിലും അത് ഞാന്‍ ആസ്വദിക്കുന്നില്ലെങ്കില്‍ ഞാനത് തുടരില്ല. അത് പക്ഷെ പുറത്തു നില്‍ക്കുന്നവര്‍ക്ക് ബോധ്യമാകണമെന്നില്ല.

ബെംഗലൂരു: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന്(T20 World Cup) ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ(Team India) ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ(Virat Kohli) പ്രസ്താവന ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഐപിഎല്ലില്‍(IPL) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെയും(Royal Challengers Bangalore ) നായകസ്ഥാനം കോലി ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചു.

ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെയും ആര്‍സിബിയുടെയും(RCB) ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് പിന്നീട് ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനങ്ങളും നഷ്ടമായി. ഇന്ത്യന്‍ ടി20 ടീമിന്‍റെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റയെും ക്യാപ്റ്റന്‍ സ്ഥാനം കോലി സ്വയം ഒഴിഞ്ഞതാണെങ്കില്‍ ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തു നിന്ന് കോലിയെ ബിസിസിഐ മാറ്റുകയായിരുന്നു.

ചില്ലറ കളികളല്ല! ഇനിയെല്ലാം ചങ്കില്‍ തീ; അറിയാം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സെമി സാധ്യത

എന്നാല്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം എന്തുകൊണ്ടാണ് ഒഴിഞ്ഞത് എന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് കോലി. ആര്‍സിബി പോഡ്കാസ്റ്റിലാണ് കോലി നായകസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് വിശദീകരിച്ചത്. എനിക്ക് കഴിയാത്ത കാര്യങ്ങളില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ഞാന്‍. എനിക്കിനിയും ഏറെ ചെയ്യാന്‍ കഴിയുമെന്ന് അറിയാമെങ്കിലും അത് ഞാന്‍ ആസ്വദിക്കുന്നില്ലെങ്കില്‍ ഞാനത് തുടരില്ല.

അത് പക്ഷെ പുറത്തു നില്‍ക്കുന്നവര്‍ക്ക് ബോധ്യമാകണമെന്നില്ല. കാരണം അവര്‍ നമ്മുടെ സ്ഥാനത്തു നില്‍ക്കുമ്പോള്‍ മാത്രമെ അവര്‍ക്കത് മനസിലാവു. പുറത്തു നില്‍ക്കുന്നവര്‍ക്ക് പല പ്രതീക്ഷകളും കാണും. അല്ലെങ്കില്‍ ഇതെങ്ങനെ സംഭവിച്ചു എന്നവര്‍ ചിന്തിക്കുന്നുണ്ടാകും. അല്ലെങ്കില്‍ അവര്‍ ഞെട്ടുന്നുണ്ടാവും. പക്ഷെ അങ്ങനെ ഞെട്ടേണ്ട ഒരു കാര്യവുമില്ല. എനിക്ക് ജോലിഭാരം കുറച്ച് കുറച്ചു കൂടി സമയം കണ്ടെത്തണമായിരുന്നു. അതിനാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. അതവിടെ തീര്‍ന്നു.

കണ്ണുകള്‍ സഞ്ജു സാംസണില്‍! ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20 ഇന്ന്; തേരോട്ടം തുടരാന്‍ രോഹിത്തും കൂട്ടരും

ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞതിനെക്കുറിച്ച് ആളുകള്‍ പല കഥകളും പയുന്നുണ്ടാവും. പക്ഷെ ഞാനെന്‍റെ ജീവിതത്തെ വളരെ ലളിതമായാണ് സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പ്രചരിക്കുന്ന കഥകളിലൊന്നും കാര്യമില്ല. തീരുമാനമെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തു, അത് പ്രഖ്യാപിക്കുകയും ചെയ്തു. ഒരുവര്‍ഷം കൂടി ആ സ്ഥാനത്ത് തുടര്‍ന്നാലും എനിക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. കാരണം, നല്ല ജീവിതം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതുപോലെതന്നെ നല്ല ക്രിക്കറ്റും. എണ്ണത്തെക്കാള്‍ ഗുണത്തിനാണ് ഞാനെപ്പോഴും പ്രാധാന്യം കൊടുക്കുന്നത്-കോലി പറഞ്ഞു.

കഴിഞ്ഞ സീസണോടെ ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞ കോലിക്ക് പകരക്കാരനെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയോ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലോ കോലിക്ക് പകരം ആര്‍സിബി നായകനാവുമെന്നാണ് കരുതുന്നത്. നായകനെന്ന നിലയില്‍ ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ നയിച്ചെങ്കിലും ഒരു തവണ ഫൈനലില്‍ എത്തിച്ചതൊഴിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്.