Ranji Trophy 2021-22: വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും സര്‍ഫ്രാസ്, ഗോള്‍ഡന്‍ ഡക്കായി രഹാനെ

Published : Mar 04, 2022, 06:27 PM IST
Ranji Trophy 2021-22: വെടിക്കെട്ട് സെഞ്ചുറിയുമായി വീണ്ടും സര്‍ഫ്രാസ്, ഗോള്‍ഡന്‍ ഡക്കായി രഹാനെ

Synopsis

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായശേഷം രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി(129) നേടിയ രഹാനെക്ക് പക്ഷെ അതേ ഫോം നിലനിര്‍ത്താനായില്ല. രണ്ടാം മത്സരത്തില്‍ ഗോവക്കെതിരെ പൂജ്യനായി പുറത്തായ രഹാനെ രണ്ടാം ഇന്നിംഗ്സില്‍ 56 റണ്‍സടിച്ച് മുംബൈയുടെ ടോപ് സ്കോററായിരുന്നു. എന്നാാല്‍ ഒഡിഷക്കെതിരെ വീണ്ടും രഹാനെ പൂജ്യനായി പുറത്തായി.

അഹമ്മദാബാദ്: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ രഞ്ജി ട്രോഫിയിലും അജിങ്ക്യാ രഹാനെയുടെ(Ajinkya Rahane) മോശം ഫോം തുടരുന്നു. ഒഡിഷക്കെതിരായ(Mumbai vs Odisha) പോരാട്ടത്തില്‍ മുംബാക്കായി ബാറ്റിംഗിനിറങ്ങിയ രഹാനെ രണ്ടാം ദിനം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. നേരിട്ട ആദ്യ പന്തില്‍ രാജേഷ് മൊഹന്തിയാണ് രഹാനെയെ വീഴ്ത്തിയത്.

ഒഡിഷയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 284 റണ്‍സിന് മറുപടിയായി മുംബൈ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്. മുംബൈക്കായി സര്‍ഫ്രാസ് ഖാനാണ്(Sarfaraz Khan) സെഞ്ചുറിയുമായി  ഒരിക്കല്‍ കൂടി തിളങ്ങിയത്. 117 പന്തില്‍ 107 റണ്‍സുമായി ക്രീസിലുള്ള സര്‍ഫ്രാസിനൊപ്പം 77 റണ്‍സുമായി അര്‍മാന്‍ ജാഫറും കൂട്ടിനുണ്ട്. ക്യാപ്റ്റന്‍ പൃഥ്വി ഷാ അര്‍ധസെഞ്ചുറി നേടി പുറത്തായി. 64 പന്തില്‍ 53 റണ്‍സായിരുന്നു പൃഥ്വിയുടെ സംഭാവന. സച്ചിന്‍ യാദവിന്‍റെയും രഹാനെയുടെയും പൃഥ്വി ഷായുടെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത് ഏഴ് വിക്കറ്റ് ശേഷിക്കെ ഒഡിഷയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ മുംബൈക്ക് 25 റണ്‍സ് കൂടി മതി.

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായശേഷം രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി(129) നേടിയ രഹാനെക്ക് പക്ഷെ അതേ ഫോം നിലനിര്‍ത്താനായില്ല. രണ്ടാം മത്സരത്തില്‍ ഗോവക്കെതിരെ പൂജ്യനായി പുറത്തായ രഹാനെ രണ്ടാം ഇന്നിംഗ്സില്‍ 56 റണ്‍സടിച്ച് മുംബൈയുടെ ടോപ് സ്കോററായിരുന്നു. എന്നാാല്‍ ഒഡിഷക്കെതിരെ വീണ്ടും രഹാനെ പൂജ്യനായി പുറത്തായി.

അതേസമയം, സൗരാഷ്ട്രക്കെതിരെ ഡബിള്‍ സെഞ്ചുറി(275)യുമായി തിളങ്ങിയ സര്‍ഫ്രാസ് ഖാന്‍ ഗോവക്കെതിരെ അര്‍ധസെഞ്ചുറിയും(63) രണ്ടാം ഇന്നിംഗ്സില്‍ 48 റണ്‍സും എടുത്തിരുന്നു. ഇപ്പോഴിതാ ഒഡിഷക്കെതിരെയും സര്‍ഫ്രാസ് സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

രോഹിത്തിന്‍റെ വാക്കുകളും പ്രചോദനമായില്ല

മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും ഇനിയും ടീമില്‍ തിരിച്ചെത്താനാവുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പുതിയ നായകന്‍ രോഹിത് ശര്‍മ ഇന്നലെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പൂജാരക്കും രഹാനെക്കും പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നും ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള കളിക്കാരാണ് പൂജാരയും രഹാനെയുമെന്നും രോഹിത് പറഞ്ഞിരുന്നു. അവരുടെ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കുപോലും അറിയില്ല അവരുടെ പകരക്കാരായി ആരാണ് വരികയെന്ന്.

ഭാവിയിലെ ടീം സെലക്ഷനില്‍ ഇവരെ പരിഗണിക്കില്ല എന്ന് എങ്ങനെ പറയാനാവുമെന്ന് ചോദിച്ച രോഹിത് അവര്‍ ഇപ്പോഴും ടീമിന്‍റെ പദ്ധതികളുടെടെ ഭാഗമാണെന്നും വ്യക്തമാക്കിയിരുന്നു. സെലക്ടര്‍മാര്‍ പറഞ്ഞതുപോലെ തല്‍ക്കാലം ഈ പരമ്പരയില്‍ അവരെ പരിഗണിച്ചില്ല എന്നേയുള്ളു. അതിനര്‍ത്ഥം ഭാവിയില്‍ ഒരു പരമ്പരയിലും പരിഗണിക്കില്ല എന്നല്ലെന്നും രോഹിത് പറഞ്ഞിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും