'ഏഴഴകില്‍' രവീന്ദ്ര ജഡേജ! ഏഴ് വിക്കറ്റ് പിഴുത് രാജകീയ തിരിച്ചുവരവ്; സൗരാഷ്‌ട്രക്ക് വിജയപ്രതീക്ഷ

By Web TeamFirst Published Jan 26, 2023, 6:53 PM IST
Highlights

ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും 15 റണ്‍സും മാത്രമായിരുന്നു ഇന്ത്യന്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ നേടിയിരുന്നത്

ചെന്നൈ: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തിയ സൗരാഷ്‌ട്ര ക്യാപ്റ്റന്‍ രവീന്ദ്ര ജഡേയുടെ വിസ്‌മയ തിരിച്ചുവരവ്. രണ്ടാം ഇന്നിംഗ്‌സില്‍ തമിഴ്‌നാട് വെറും 133 റണ്‍സില്‍ പുറത്തായപ്പോള്‍ 17.1 ഓവറില്‍ 53 റണ്‍സിന് ഏഴ് വിക്കറ്റുകളാണ് ജഡ്ഡു പിഴുതെറിഞ്ഞത്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും 15 റണ്‍സും മാത്രമായിരുന്നു ഇന്ത്യന്‍ സീനിയര്‍ ഓള്‍റൗണ്ടര്‍ നേടിയിരുന്നത്. ഐതിഹാസിക തിരിച്ചുവരവോടെ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്‌നസും ഫോമും തെളിയിച്ചിരിക്കുകയാണ് ജഡ്ഡു. 

തമിഴ്‌നാടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 324 റണ്‍സ് പിന്തുടര്‍ന്ന സൗരാഷ്‌ട്ര ആദ്യ ഇന്നിംഗ്‌സില്‍ 192 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. ഇതോടെ 132 റണ്‍സിന്‍റെ നിര്‍ണായക ലീഡെടുത്ത തമിഴ്‌നാടിനെ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സില്‍ ചുരുട്ടിക്കൂട്ടി ഞെട്ടിച്ചിരിക്കുകയാണ് നായകന്‍ രവീന്ദ്ര ജഡേജയുടെ കരുത്തില്‍ സൗരാഷ്‌ട്ര. ഷാരൂഖ് ഖാന്‍(2), ബാബാ ഇന്ദ്രജിത്ത്(28), പ്രദോഷ് പോള്‍(8), വിജയ് ശങ്കര്‍(10), എസ് അജിത് റാം(7), മണിമാരന്‍ സിദ്ധാര്‍ഥ്(17), സന്ദീപ് വാര്യര്‍(4) എന്നിവരുടെ വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ വീഴ്‌ത്തിയത്. 37 റണ്‍സെടുത്ത സായ് സുന്ദരേശന്‍, എന്‍ ജഗദീശന്‍(0), 4 റണ്‍സെടുത്ത ബാബാ അപരാജിത് എന്നിവരെ ധര്‍മേന്ദ്രസിംഗ് ജഡേജ പുറത്താക്കി. 

A seven-wicket haul to announce his comeback 🔥

Welcome back, 🙌 pic.twitter.com/EVheDR32PQ

— Wisden India (@WisdenIndia)

രണ്ടാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച സൗരാഷ്‌ട്ര മൂന്നാംദിനം സ്റ്റംപ് എടുത്തപ്പോള്‍ നാല് റണ്ണിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. സൗരാഷ്‌ട്രയ്ക്ക് ജയിക്കാന്‍ 262 റണ്‍സ് കൂടി മതി. അക്കൗണ്ട് തുറക്കും മുമ്പ് ജയ് ഗോഹിലിനെ സിദ്ധാര്‍ഥ് പുറത്താക്കിയപ്പോള്‍ ഹാര്‍വിക് ദേശായിയും(3*), ചേതന്‍ സക്കരിയയുമാണ്(1*) ക്രീസില്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്‌നസ് തെളിയിക്കാന്‍ ജഡേജയ്ക്ക് മത്സരത്തിലെ പ്രകടനം നിര്‍ണായകമായിരുന്നു. പരിക്കിന് ശേഷം ആറ് മാസത്തെ ഇടവേളയ്ക്ക് ഒടുവിലാണ് ജഡേജ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ജഡേജയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാഡമി ഫെബ്രുവരി ഒന്നാം തിയതി ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കും. 

ഓസ്‌ട്രേലിയക്കെതിരെ ജഡേജ കളിക്കുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബിസിസിഐ

click me!