Ranji Trophy 2022: മേഘാലയക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്, മംബൈക്കായി ഡബിളടിച്ച് സര്‍ഫ്രാസ്

Published : Feb 18, 2022, 05:48 PM IST
Ranji Trophy 2022: മേഘാലയക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്, മംബൈക്കായി ഡബിളടിച്ച് സര്‍ഫ്രാസ്

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് രാഹുല്‍ പിയും രോഹന്‍ കുന്നുമേലും വേര്‍പിരിഞ്ഞത്. രാഹുല്‍ 147 റണ്‍സടിച്ചപ്പോള്‍ രോഹന്‍ 107 റണ്‍സെടുത്തു.

ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ (Ranji Trophy 2022)മേഘാലയക്കെതിരെ കേരളത്തിന് (Kerala vs Meghalaya)കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ്. മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 148 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് ശേഷിക്കെ കേരളത്തിന് 306 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 76 റണ്‍സുമായി വത്സല്‍ ഗോവിന്ദാണ് ക്രീസില്‍.

ഓപ്പണിംഗ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് രാഹുല്‍ പിയും രോഹന്‍ കുന്നുമേലും വേര്‍പിരിഞ്ഞത്. രാഹുല്‍ 147 റണ്‍സടിച്ചപ്പോള്‍ രോഹന്‍ 107 റണ്‍സെടുത്തു. മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേനക്ക്(10) തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(56) വത്സലും അര്‍ധസെഞ്ചുറികള്‍ നേടിയതോടെ കേരളം മികച്ച ലീഡിലേക്ക് കുതിച്ചു.

56 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായശേഷം എത്തിയ വിഷ്ണു വിനോദിന് പക്ഷെ കാര്യമായി ഒന്നും ചെയ്യാനായില്ല. ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷം രൂപക്ക് ഹൈദരാബാദ് ടീമിലെത്തി വിഷ്ണു നാലു റണ്‍സുമായി മടങ്ങി. സിജോമോന്‍ ജോസഫും(21) മനു കൃഷ്ണനും(11) ബേസില്‍ തമ്പിയുംൾ(8)കാര്യമായ സംഭാവനകളില്ലാതെ പുറത്തായി.

സര്‍ഫ്രാസിന് ഡബിള്‍, സൗരാഷ്ട്രക്കെതിരെ കരുത്തുകാട്ടി മുംബൈ

സൗരാഷ്ട്രക്കെതിരെ മുംബൈ കൂറ്റന്‍ ഒന്നാം സ്കോര്‍ സ്വന്തമാക്കി. ആദ്യ ദിനം സെഞ്ചുറി നേടിയ അജിങ്ക്യാ രഹാനെയും സര്‍ഫ്രാസ് ഖാനും ചേര്‍ന്നാണ് മുംബൈക്ക് ഒന്നാം ഇന്നിംഗ്സില്‍ വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. രണ്ടാം ദിനം രഹാനെ 129 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ആദ്യ ദിനത്തിലെ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ സര്‍ഫ്രാസിന്‍റെ മികവില്‍ മുബൈ രണ്ടാം ദിനം ഏവ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്.

തമിഴ്നാടിനെതിരെ തിളങ്ങി ഡല്‍ഹി

മറ്റൊരു പോരാട്ടത്തില്‍ തമിഴ്നാടിനെതിരെ ഡല്‍ഹി ഒന്നാം ഇന്നിംഗ്സില്‍ 452 റണ്‍സിന് പുറത്തായി. ആദ്യ ദിനം സെഞ്ചുറി നേടിയ യാഷ് ദുള്ളിന് പിന്നാലെ രണ്ടാം ദിനം ലളിത് യാദവ്(177) നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഡല്‍ഹിക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ജോണ്ടി സിദ്ധു 71 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ തമിഴ്നാട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്. 37 റണ്‍സുമായി കൗശിക്കും 11 റണ്‍സോടെ സായ് കിഷോറും ക്രീസില്‍.

PREV
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം