
ഗോഹട്ടി: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) കോടികള്‍ വാരിയെറിഞ്ഞ് പഞ്ചാബ് കിംഗ്സ്(Punjab Kings) നിലനിര്‍ത്തിയെ ഷാരൂഖ് ഖാന്(Shahrukh Khan) രഞ്ജി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറി. ഷാരൂഖ് ഖാന്‍റെയും ബാബാ ഇന്ദ്രജിത്തിന്‍റെയും(Baba Indrajith ) സെഞ്ചുറികളുടെ കരുത്തില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തമിഴ്നാട്(Delhi vs Tamilnadu) ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 452 റണ്‍സിന് മറുപടിയായി മൂന്നാം ദിനം തമിഴ്‌നാട് 494 റണ്‍സിന് ഓള്‍ ഔട്ടായി.
148 പന്തില്‍ 20 ബൗണ്ടറിയും പത്ത് സിക്സും പറത്തി 194 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് തമിഴ്‌നാടിന്‍റെ ടോപ് സ്കോറര്‍. ബാബാ ഇന്ദ്രജിത്ത് 149 പന്തില്‍ 117 റണ്‍സെടുത്ത പുറത്തായി. ഡല്‍ഹിക്കായി ഇടംകൈയന്‍ സ്പിന്നര്‍ വികാസ് മിശ്ര ആറ് വിക്കറ്റുമായി തിളങ്ങി. ടി20യിലെ വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ശ്രദ്ധേയനായ ഷാരൂഖ് ഖാന്‍ 89 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഒമ്പത് കോടി രൂപ മുടക്കിയാണ് ഷാരൂഖിനെ പഞ്ചാബ് കിംഗ്സ് ടീമിലെടുത്തത്.
നിരാശപ്പെടുത്തി ദേവ്ദത്ത്
മറ്റൊരു മത്സരത്തില്‍ റെയില്‍വെസിനെതിരെ കര്‍ണാടക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് സ്കകോറായ 481 റണ്‍സിന് മറുപടിയായി റെയില്‍വേസ് 426 റണ്‍സിന് ഓള്‍ ഔട്ടായി.മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കര്‍ണാടക ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. നാലു റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ(Devdutt Padikkal ) വിക്കറ്റാണ് കര്‍ണാടകക്ക് നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 21 റണ്‍സെടുത്ത് പുറത്തായ ദേവ്ദത്തിന് രണ്ടാം ഇന്നിംഗ്സിലും തിളങ്ങാനായില്ല.
പൂജ്യനായി പൂജാര
മറ്റൊരു പോരാട്ടത്തില്‍ മുംബൈക്കെതിരെ ബാറ്റിംഗിനിറങ്ങിയ ചേതേശ്വര്‍ പൂജാര പുജ്യനായി പുറത്തായി. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 544 റണ്‍സിന് മറുപടിയായി 220 റണ്‍സിന് ഓള്‍ ഔട്ടായി ഫോളോ ഓണ്‍ ചെയ്ത സൗരാഷ്ട്ര മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെടുത്തിട്ടുണ്ട്. 39 റണ്‍സോടെ ദേശായിയും 64 റണ്‍സോടെ സ്നെല്‍ പട്ടേലും ക്രീസില്‍.
ആദ്യ ഇന്നിംഗ്സില്‍ നാലാമനായി ക്രീസിലെത്തിയ പൂജാര നാലു പന്തുകള്‍ നേരിട്ട് മോഹിത് അവസാസ്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പൂജ്യത്തിന് പുറത്തായത്. 61 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്സണാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. നേരത്തെ മുംബൈക്കായി അജിങ്ക്യാ രഹാനെ സെഞ്ചുറി നേടിയിരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് രഹാനെയും പൂജാരയെയും സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു.