
വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ആന്ധ്രക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 242 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ആന്ധ്ര രണ്ടാം ഇന്നിംഗ്സില്‍ ആവസാന ദിനം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. 19-1 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലെത്തിയ ആന്ധ്രക്ക് ഓപ്പണര്‍ മഹീപ് കുമാറിന്‍റെയും(13), ക്യാപ്റ്റന്‍ റിക്കി ബൂയിയുടെയും(1) വിക്കറ്റുകളാണ് തുടക്കത്തിലെ നഷ്ടമായത്.
43-3ലേക്ക് വീണ ആന്ധ്രയെ 41 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന അശ്വിന്‍ ഹെബ്ബാറാണ് സ്കോര്‍ 50 കടത്തിയത്. 19 റണ്‍സുമായി കരണ്‍ ഷിന്‍ഡെയാണ് ഹെബ്ബാറിനൊപ്പം ക്രീസില്‍. മഹീപ് കുമാറിനെ എന്‍ പി ബേസിലും റിക്കി ബൂയിയയെ വൈശാഖ് ചന്ദ്രനുമാണ് പുറത്താക്കിയത്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ആന്ധ്രക്കിനിയും 159 റണ്‍സ് കൂടി വേണം. ഓപ്പണര്‍ രേവന്ദ് റെഡ്ഡിയുടെ(5) വിക്കറ്റ് ആന്ധ്രക്ക് ഇന്നലെ നഷ്ടമായിരുന്നു.
ഇന്നലെ ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 272 റണ്‍സിന് മറുപടിയായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം സച്ചിന്‍ ബേബിയുടെയും(113) അക്ഷയ് ചന്ദ്രന്‍റെയും(184) സെഞ്ചുറികളുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇരുവര്‍ക്കും പുറമെ സല്‍മാന്‍ നിസാറും(58), മുഹമ്മദ് അസ്ഹ്റുദ്ദീന്‍ (41 പന്തില്‍ 40) എന്നിവരും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി.ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്ത്തി. നോക്കൗട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!