
ബറോഡ: മകള്‍ മരിച്ചതിന്‍റെ ദു:ഖം കടിച്ചമര്‍ത്തി ബറോഡക്കായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍(Ranji Trophy 2021-22) സെഞ്ചുറി നേടി തിളങ്ങിയ വിഷ്ണു സോളങ്കിയുടെ(Vishnu Solanki) പിതാവും മരിച്ചു. ഇന്നലെയാണ് വിഷ്ണു സോളങ്കിയുടെ പിതാവ് മരിച്ച വാര്‍ത്ത ബറോഡ ടീം ക്യാംപില്‍ എത്തിയത്. അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വീഡിയോ കോളിലൂടെയാണ് സോളങ്കി പിതാവിന്‍റെ അന്ത്യ കര്‍മങ്ങള്‍ക്ക് സാക്ഷിയായത്.
ഈ മാസം 10നാണ് സോളങ്കിയുടെ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രസവത്തിന് തൊട്ടടുത്ത ദിവസം മകള്‍ മരിച്ചു. ബംഗാളിനെിരായ മത്സസരത്തിനിറങ്ങാനിരുന്ന ബറോഡ ടീമിന്‍റെ ബയോ ബബിള്‍ വിട്ട് വീട്ടിലെത്തിയ സോളങ്കി പിഞ്ചുമകളുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയശേഷം തിരിച്ചെത്തി. ഇതിന് പിന്നാലെ കട്ടക്കില്‍ നടന്ന ചണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തിലായിരുന്നു ബറോഡക്കായി 29കാരനായ സോളങ്കി സെഞ്ചുറിയിലൂടെ മകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
ചണ്ഡീഗഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 167 റണ്‍സിന് മറുപടിയായി ബറോഡ 517 റണ്‍സെടുത്തപ്പോള്‍ ടോപ് സ്കോററായത് അഞ്ചാമനായി ക്രീസിലിറങ്ങിയ സോളങ്കിയായിരുന്നു. 165 പന്തുകള്‍ നേരിട്ട സോളങ്കി 104 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ ചണ്ഡീഗഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്തതോടെ മത്സരം സമനിലയായി. ഇതിന് പിന്നാലെയാണ് സോളങ്കിയെ തേടി പിതാവിന്‍റെ മരണവാര്‍ത്തയുമെത്തിയത് .
ഇന്നലെ മത്സരം സമനിലയായതിന് പിന്നാലെയാണ് ടീം മാനേജരില്‍ നിന്ന് സോളങ്കിക്ക് പിതാവിന്‍റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് വിളിയെത്തയത്. രോഗബാധിതനായി ചികിത്സയിലായിരുന്നു സോളങ്കിയുടെ പിതാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകള്‍ മരിച്ചതിന് പിന്നാലെ ടീം വിടാന്‍ സോളങ്കിക്ക് ടീം മാനേജ്മെന്‍റ് അനുമതി നല്‍കിയിരുന്നെങ്കിലും മകള്‍ മരിച്ച ദു:ഖത്തിലും ടീമിനായി മികച്ച പ്രകടനം നടത്താന്‍ താരം തിരികെയെത്തുകയായിരുന്നു.
മാര്‍ച്ച് മൂന്നിന് ഹൈദരാബാദിനെതിരെ ആണ് ബറോഡയുടെ അടുത്ത രഞ്ജി മത്സരം. മകള്‍ മരിച്ച ദു:ഖത്തിലും ടീമിനായി കളിക്കാനിറങ്ങിയ സെഞ്ചുറി നേടിയ സോളങ്കിയുടെ നിശ്ചയദാര്‍ഢ്യത്തെയും അര്‍പ്പണമനോഭാവത്തെയും ക്രിക്കറ്റ് ലോകം മുഴുവന്‍ പ്രശംസിക്കുന്നതിനിടെയാണ് അടുത്ത ദുരന്ത വാര്‍ത്തയും താരത്തെ തേടിയെത്തിയത്.
മുമ്പ് പിതാവിന്‍റെ മരണത്തിന് തൊട്ടുപിന്നാലെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തശേഷം തിരിച്ചെത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യത്തിനായി സെഞ്ചുറി നേടിയതിനോടും പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തൊട്ടുപിന്നാലെ രഞ്ജി ട്രോഫിയില്‍ ഡല്‍ക്കായി ക്രീസിലിറങ്ങി 97 റണ്‍സടിച്ച് ഡല്‍ഹിയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച വിരാട് കോലിയുടെ പ്രകടനത്തോടുമായിരുന്നു സോളങ്കിയുടെ സെഞ്ചുറിയെ ആരാധകര്‍ ഉപമിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!