IPL 2022 : കാത്തിരിപ്പിന് വിരാമം; മായങ്ക് അഗര്‍വാള്‍ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍

By Web TeamFirst Published Feb 28, 2022, 11:28 AM IST
Highlights

ഫ്രാഞ്ചൈസി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

മൊഹാലി: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) ഇന്ത്യന്‍ ബാറ്റര്‍ മായങ്ക് അഗര്‍വാള്‍ (Mayank Agarwal) നയിക്കും. ഫ്രാഞ്ചൈസി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടീമിന്‍റെ നായകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മായങ്ക് പ്രതികരിച്ചു. താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയ രണ്ട് താരങ്ങളിലൊരാളാണ് മായങ്ക്.  

ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സിനെ ഇതിഹാസ സ്‌പിന്നറും ടീം ഇന്ത്യയുടെ മുന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് പരിശീലിപ്പിക്കുന്നത്. കുംബ്ലെ സ്‌പിന്‍ താരങ്ങളുടെ പരിശീലനത്തിനും മേല്‍നോട്ടം വഹിക്കുമ്പോള്‍ ഡാമിയന്‍ റൈറ്റാണ് പേസ് ബൗളിംഗ് കോച്ച്. ജോണ്ടി റോഡ്‌സ് ഫീല്‍ഡിംഗ് കോച്ചും ബാറ്റിംഗ് പരിശീലകനും. ഐപിഎല്‍ 2022 സീസണിന് മുന്നോടിയായുള്ള മെഗാലേലത്തില്‍ മികച്ച താരങ്ങളെ എത്തിക്കാനായതിന്‍റെ പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്. 2014ലാണ് പഞ്ചാബ് ടീം അവസാനമായി ഫൈനല്‍ കളിച്ചത്. 

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, തമിഴ്‌നാടിന്‍റെ വെടിക്കെട്ട് ഫിനിഷര്‍ ഷാരൂഖ് ഖാന്‍, ഇംഗ്ലീഷ് വെടിക്കെട്ടുവീരന്‍മാരായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്‌മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് മെഷീന്‍ കാഗിസോ റബാഡ തുടങ്ങിയവരെ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായമായ രാജ് ബാവയും പഞ്ചാബിലുണ്ട്. താരലേലത്തിന് മുമ്പ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, പേസര്‍ അര്‍ഷ്‌ദീപ് സിംഗ് എന്നിവരെ മാത്രമാണ് പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തിയിരുന്നത്. 

🚨 Attention 🚨

Our 🆕© ➜ Mayank Agarwal

Send in your wishes for the new 🎉 pic.twitter.com/hkxwzRyOVA

— Punjab Kings (@PunjabKingsIPL)

പഞ്ചാബ് കിംഗ്‌സ് സ്‌ക്വാഡ്

മായങ്ക് അഗര്‍വാള്‍, അര്‍ഷ്‌ദീപ് സിംഗ്, ശിഖര്‍ ധവാന്‍, കാഗിസോ റബാഡ, ജോണി ബെയര്‍സ്റ്റോ, രാഹുല്‍ ചാഹര്‍, ഹര്‍പ്രീത് ബ്രാര്‍, ഷാരൂഖ് ഖാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, ജിതേഷ് ശര്‍മ്മ, ഇഷാന്‍ പോരല്‍, ലിയാം ലിവിംഗ്‌‌സ്റ്റണ്‍, ഒഡീന്‍ സ്‌മിത്ത്, സന്ദീപ് ശര്‍മ്മ, രാജ് ബാവ, റിഷി ധവാന്‍, പ്രേരക് മങ്കാദ്, വൈഭവ് അറോറ, ഋത്വിക് ചാറ്റര്‍ജി, ബാല്‍തെജ് ദന്ധാ, അന്‍ഷ് പട്ടേല്‍, നേഥന്‍ എല്ലിസ്, അഥര്‍വാ തൈഡേ, ഭാനുകാ രജപക്‌സെ, ബെന്നി ഹവെല്‍. 

ഐപിഎല്ലില്‍ 100 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് മായങ്ക് അഗര്‍വാള്‍. 95 ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും സഹിതം 2135 റണ്‍സാണ് സമ്പാദ്യം. ബാറ്റിംഗ് ശരാശരി 23.46 ആണെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 135.73. 2018ലെ താരലേലത്തിലാണ് മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിംഗ്‌സ് (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) സ്വന്തമാക്കിയത്. 2021 സീസണില്‍ 12 മത്സരങ്ങളില്‍ 441 റണ്‍സ് മായങ്ക് നേടി. 

Smriti Mandhana : ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; ആശങ്കയൊഴിഞ്ഞു, സ്‌മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും

click me!