
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗോവയ്ക്കെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് തോല്‍വി. അവസാന ദിനം കേരളത്തിന്‍റെ രണ്ടാം ഇന്നിംഗ്സ് 200 റണ്‍സില്‍ അവസാനിപ്പിച്ച ഗോവ വിജലക്ഷ്യമായ 155 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഇഷാന്‍ ഗഡേക്കറാണ് ഗോവയുടെ വിജയം അനായാസമാക്കിയത്. സീസണില്‍ കേരളത്തിന്‍റെ ആദ്യ തോല്‍വിയും ഗോവയുടെ ആദ്യ ജയവുമാണിത്. സ്കോര്‍ കേരളം 265, 200, ഗോവ 311, 157-3.
155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗോവക്ക് തുടക്കത്തിലെ അമോഗ ദേശായിയെ(23) നഷ്ടമായി. വൈശാഖ് ചന്ദ്രനായിരുന്നു വിക്കറ്റ്. പിന്നാലെ സുയാഷ് പ്രഭുദേശായിയെ(14) ക്യാപ്റ്റന്‍ സിജോ മോന്‍ ജോസഫ് മടക്കി. സ്നേഹല്‍ കൗതാങ്കറെ(13) ജലജ് സക്നേയും വീഴ്ത്തിയതോടെ 89-3 എന്ന നിലയില്‍ പതറിയെങ്കിലും ഗഡേക്കറും(67*) എസ് ഡി ലാഡും(33*) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗോവയെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 200 റണ്‍സിന് പുറത്തായി. 34 റണ്‍സെടുത്ത് രോഹന്‍ പ്രേമിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ജലജ് സക്സേനയെ ആണ് നാലാം ദിനം തുടക്കത്തിലെ കേരളത്തിന് നഷ്ടമായത്. മോഹിത് രേദ്‌കറിനായിരുന്നു വിക്കറ്റ്. പിന്നാലെ 70 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയ രോഹന്‍ പ്രേമിനെയും രേദ്‌കര്‍ മടക്കി. രേദ്‌കര്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ കേരളം തകര്‍ന്നടിഞ്ഞു.
വൈശാഖ് ചന്ദ്രനെ(3 ദര്‍ശന്‍ മിസാലും ബേസില്‍ തമ്പിയെ(0) റെഡ്ക്കറും വീഴ്ത്തിയതോടെ കേരളത്തിന്‍റെ പേരാട്ടം തീര്‍ന്നു. എന്‍ പി ബേസില്‍(16*) നടത്തിയ വെടിക്കെട്ടാണ് കേരളത്തെ 200ല്‍ എത്തിച്ചത്. ഗോവക്കായി റെഡ്ക്കര്‍ 73 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ ശുഭം ദേശായി രണ്ട് വിക്കറ്റെടുത്തു. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല.
രോഹന്‍ പ്രേമിനും ജലജ് സക്സേനക്കും രോഹന്‍ എസ് കുന്നുമ്മലിനുമൊഴികെ(34) മറ്റാര്‍ക്കും കേരള ടോട്ടലിലേക്ക് സംഭാവന ചെയ്യാനായില്ല. ഷോണ്‍ റോജര്‍(11), രാഹുല്‍ പി(16), സച്ചിന്‍ ബേബി(4), അക്ഷയ് ചന്ദ്രന്‍( 4), സിജോമോന്‍ ജോസഫ്(1) എന്നിവര്‍ നിരാശപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!