എ ബി ഡിവില്ലിയേഴ്സിന്നെയും സൂര്യകുമാറിനെയും തമ്മില്‍ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. കാരണം, എനിക്ക് തോന്നുന്നത് ഡിവില്ലിയേഴ്സിന് സൂര്യയെക്കാള്‍ കരുത്തുണ്ടായിരുന്നു എന്നാണ്. ലോംഗ് ഓഫിനും കവറിനും മുകളിലൂടെ തുടര്‍ച്ചയായി ഷോട്ട് കളിക്കുന്ന കാര്യത്തില്‍ ഡിവില്ലിയേഴ്സ് സൂര്യയെക്കാള്‍ മുന്നിലായിരുന്നു.
പൂനെ: ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ മിസ്റ്റര്‍ 360 ഡിഗ്രിയാണ് സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിനെപ്പോലെ ഗ്രൗണ്ടിന്‍റെ മുക്കിലേക്കും മൂലയിലേക്കും ഷോട്ടുതിര്‍ക്കാനുള്ള കഴിവാണ് സൂര്യയെ സമകാലീന ക്രിക്കറ്റിലെ മിസ്റ്റര്‍ 360 ഡിഗ്രി ആക്കുന്നത്. ഷോട്ടുകളുടെ വൈവിധ്യത്തില്‍ സൂര്യകുമാറിനെ എ ബി ഡിവില്ലിയേഴ്സുമായാണ് പലപ്പോഴപം താരതമ്യം ചെയ്യാറുള്ളത്. സാക്ഷാല്‍ ഡിവില്ലിയേഴ്സ് തന്നെ തന്‍റെ ശൈലിയോട് അടുത്ത് നില്‍ക്കുന്ന കളിക്കാരനെന്ന് സൂര്യയെ വിശേഷിപ്പിച്ചിരുന്നു.
ഇന്നലെ ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി സൂര്യകുമാര്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിലെ തന്‍റെ റോള്‍ ഭംഗിയായി നിറവേറ്റി. അവസാന ഓവറുകളില്‍ സൂര്യ പുറത്തായതാണ് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായത്. മത്സരശേഷം സൂര്യകുമാറിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയം.
എ ബി ഡിവില്ലിയേഴ്സിന്നെയും സൂര്യകുമാറിനെയും തമ്മില്‍ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണ്. കാരണം, എനിക്ക് തോന്നുന്നത് ഡിവില്ലിയേഴ്സിന് സൂര്യയെക്കാള്‍ കരുത്തുണ്ടായിരുന്നു എന്നാണ്. ലോംഗ് ഓഫിനും കവറിനും മുകളിലൂടെ തുടര്‍ച്ചയായി ഷോട്ട് കളിക്കുന്ന കാര്യത്തില്‍ ഡിവില്ലിയേഴ്സ് സൂര്യയെക്കാള്‍ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ സൂര്യയെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറോട് താരതമ്യം ചെയ്യുന്നതാണ് നല്ലത്. ബട്‌ലറെക്കാള്‍ എന്തുകൊണ്ടും മുമ്പിലാണ് സൂര്യ.

ബട്‌ലര്‍ക്ക് കരുത്തുറ്റ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെങ്കിലും ഷോട്ടുകളുടെ വൈവിധ്യമെടുത്താല്‍ സൂര്യയാണ് ബട്‌ലറെക്കാള്‍ കേമന്‍. കട്ടും കവറിനും മിഡ് വിക്കറ്റിനും മുകളിലൂടെയും സ്വീപ്പ് ഷോട്ടുകളുമെല്ലാം സൂര്യക്ക് മികച്ച രീതിയില്‍ കളിക്കാനാവും. രണ്ട് തരത്തിലുള്ള സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നതാണ് സൂര്യയുടെ പ്രത്യേകത. വിക്കറ്റിന് മുന്നിലേക്കും പിന്നിലേക്കും ഒരുപോലെ സ്വീപ്പ് ഷോട്ട് കളിക്കാന്‍ അവനാവും. അതുകൊണ്ടുതന്നെ ബട്‌ലറെക്കാള്‍ കരുത്ത് കുറവാണെങ്കിലും വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ ബട്‌ലറെക്കാള്‍ മുമ്പിലാണ് സൂര്യ.

റിഷഭ് പന്ത് തിരിച്ചെത്താന്‍ കൂടുതല്‍ സമയമെടുക്കും, ഏകദിന ലോകകപ്പും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്
മധ്യ ഓവറുകളില്‍ ഇത്തരത്തില്‍ കളിക്കുന്നൊരു ബാറ്റര്‍ ഇന്ത്യക്കുണ്ടായിട്ടില്ല. അയാളെപ്പോലൊരാളെ കിട്ടുമെന്ന് തോന്നുന്നില്ലെന്നും പത്താന്‍ പറഞ്ഞു. ബാറ്റിംഗ് ഓര്‍ഡറില്‍ സൂര്യ നാലാം നമ്പറില്‍ തന്നെ ഇറങ്ങുന്നതാണ് നല്ലതാണ്. ഇതുവഴി സ്പിന്നര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയും. ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ നാലാം നമ്പറാണ് അദ്ദേഹത്തിന് അനുയോജ്യമായ പൊസിഷന്‍. ക്രീസിലെത്തിയപാടെ സ്പിന്നര്‍മാര്‍ക്കെതിരെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഇതുവഴി സൂര്യക്കാവുമെന്നും പത്താന്‍ പറഞ്ഞു.
