
റായ്പൂര്‍: രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 350 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഛത്തീസ്ഗഡ് 312 റണ്‍സിന് ഓള്‍ ഔട്ടായി.118 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ഏക്നാഥ് ദിനേശിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഛത്തീസ്ഗഡിനെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് അടുത്തെത്തിച്ചത്.
തുടക്കത്തിലെ ഓപ്പണര്‍മാരായ ശശാങ്ക് ചന്ദ്രാകറിനെയും(8), റിഷഭ് തിവാരിയെയും(7) പുറത്താക്കിയെങ്കിലും അശുതോഷ് സിംഗും സഞ്ജീത് ദേശായിയും പൊരുതിയതോടെ ഛത്തീസ്ഗഡ് തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും ചേര്‍ന്ന് ഛത്തീസ്ഗഡിനെ 91ല്‍ എത്തിച്ചു. അശുതോഷ് സിംഗിനെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കിയത്.
പിന്നാലെ ക്യാപ്റ്റന്‍ അമൻദീപ് ഖരെയും(0) കൂടി നിധീഷ് പുറത്താക്കിയതോടെ ഛത്തീസ്ഗഡ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജിത് ദേശായിയും(56) പുറത്തായതോടെ 113-5 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. ശശാങ്ക് സിംഗിനെ കൂടി(18) പുറത്താക്കി ജലജ് സക്സേന ഛത്തീസ്ഗഡിനെ 145-6ലേക്ക് തള്ളിയിട്ടെങ്കിലും ഏഴാം വിക്കറ്റില്‍ ഏക്നാഥും അജയ് മണ്ഡലും ചേര്‍ന്ന് 123 റണ്‍സ് കൂട്ടുകെട്ടിലൂടെ ഛത്തീസ്ഗഡിന് ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷ നല്‍കി.
അജയ് മണ്ഡലിനെ(63) മടക്കി ശ്രേയസ് ഗോപാല്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഒറ്റക്ക് പൊരുതി സെഞ്ചുറിയിലെത്തിയ ഏക്നാഥ് ഛത്തീസ്ഗഡിനെ 300 കടത്തി കേരളത്തിന്‍റെ ചങ്കിടിപ്പ് കൂട്ടി. അവസാന വിക്കറ്റില്‍ ആശിഷ് ചൗഹാനെ ഒരറ്റത്ത് നിര്‍ത്തി ഏക്നാഥ് പൊരുതിയത് കേരളത്തിന് തലവേദനയായി. ഒടുവില്‍ ആശിഷ് ചൗഹാനെ പുറത്താക്കി എം ഡി നിഥീഷ് കേരളത്തിന് ലീഡ് സമ്മാനിച്ചു. കേരളത്തിനായി ജലജ് സക്സേനയും എം ഡി നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!