Asianet News MalayalamAsianet News Malayalam

ഗജരാജ ഗില്ലാഡിയായി ഗില്‍, 11 മാസത്തിനിടെ ആദ്യ ടെസ്റ്റ് സെഞ്ചുറി; പിന്നാലെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയുമാണിത്. ഗില്‍ ക്രീസിലെത്തിയതിന് പിന്നാലെ യശസ്വി ജയ്സ്വാള്‍ കൂടി പുറത്തായതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.

Shubman Gill scored a brilliantly Hundred and shuts the mouth of the critics
Author
First Published Feb 4, 2024, 1:58 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ച് ശുഭ്മാന്‍ ഗില്‍. മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെയാണ് ഗില് ക്രീസിലെത്തിയത്. കഴിഞ്ഞ 12 ഇന്നിംഗ്സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലുമില്ലാതിരുന്ന ഗില്ലിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഇംഗ്ലണ്ടിന് ഒരു അവസരവും നല്‍കാതെ നേടിയ സെഞ്ചുറിയിലൂടെ വിമര്‍ശകരെ കൂടിയാണ് ഗില്‍ ബൗണ്ടറി കടത്തിയത്. സെഞ്ചുറിയ നേടിയ ശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ഡ്രസ്സിംഗ് റൂമിനുനേരെ ആശ്വാസത്തോടെ ബാറ്റുയര്‍ത്തുക മാത്രമായിരുന്നു ഗില്‍ ചെയ്തത്.

കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയുമാണിത്. ഏകദിനത്തില്‍ ആറും ടെസ്റ്റില്‍ മൂന്നും ടി20യില്‍ ഒരു സെഞ്ചുറിയുമുള്ള ഗില്ലിനിപ്പോള്‍ 10 രാജ്യാന്തര സെഞ്ചുറികളായി. മൂന്നാം ദിനം ഗില്‍ ക്രീസിലെത്തിയതിന് പിന്നാലെ യശസ്വി ജയ്സ്വാള്‍ കൂടി പുറത്തായതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. 30-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ ആദ്യം ശ്രേയസ് അയ്യര്‍ക്കൊപ്പവും പിന്നീട് അക്സര്‍ പട്ടേലിനൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു. 147 പന്തില്‍ 11 ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്.

എട്ട് വര്‍ഷത്തിനിടെ ആദ്യം, ഭാര്യ സഫ ബെയ്ഗിന്‍റെ മുഖം മറക്കാത്ത ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

സെഞ്ചുറി നേടിയതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് ഗില്‍ പുറത്തായത്. ഗില്ലിന്‍റെ ഗ്ലൗസിലിരുഞ്ഞ പന്ത് ബെന്‍ ഫോക്സ് കൈയിലൊതുക്കുകയായിരുന്നു. 28-0 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്. ഗില്‍ പുറത്തായതിന് പിന്നാലെ 45 റണ്‍സെടുത്ത അക്സര്‍ പട്ടേല്‍ ടോം ഹാര്‍‍ട്‌ലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ട് റണ്ണുമായി കെ എസ് ഭരതും അശ്വിനുമാണ് ക്രീസില്‍.

നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 363 റണ്‍സിന്‍റെ ആകെ ലീഡുണ്ടെങ്കിലും ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്ത് കണക്കിലെടുത്താല്‍ 450ന് മുകളിലുള്ള ലക്ഷ്യം മാത്രമെ ഇന്ത്യക്ക് സുരക്ഷിതമാവു. ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ് ഗ്രൗണ്ട് വിട്ട ജോ റൂട്ട് കളിക്കാനിറങ്ങിയില്ലെങ്കില്‍ ഇംഗ്ലണ്ട് ഇന്ത്യൻ ലക്ഷ്യത്തിന് മുന്നില്‍ വിയര്‍ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios