രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യജയം; പഞ്ചാബിനെ മറികടന്നത് ത്രില്ലറില്‍, സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

By Web TeamFirst Published Jan 13, 2020, 3:42 PM IST
Highlights

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. സ്‌കോര്‍: കേരളം 227 & 136, പഞ്ചാബ് 218 & 124. ജയത്തോടെ ആറ് പോയിന്റും കേരളം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ എം ഡി നിതീഷും ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നേരത്തെ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

146 റണ്‍സിന്റെ വിജയലക്ഷ്യവുമായിട്ടാണ് പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ഒരുഘട്ടത്തില്‍ എട്ടിന് 89 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കാണുകയായിരുന്നു പഞ്ചാബ്. എന്നാല്‍ മായങ്ക് മര്‍കണ്ഡെ (73 പന്തില്‍ 23), സിദ്ധാര്‍ത്ഥ് കൗള്‍ (29 പന്തില്‍ 22) എന്നിവര്‍ കേരളത്തിന് ഭീഷണി ഉയര്‍ത്തി. ഇരുവരും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൗളിനെ മടക്കിയയച്ച് നിതീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. സക്‌സേനയുടെ പന്തില്‍ മര്‍കണ്ഡെയ കീഴടങ്ങിയപ്പോള്‍ കേരളം ആദ്യ ജയം സ്വന്തമാക്കി.

ഗുര്‍കീരത് മന്‍ (12), അന്‍മോല്‍ മല്‍ഹോത്ര (6) എന്നിവരാണ് ക്രീസില്‍. രോഹന്‍ മര്‍വാഹ (0), സന്‍വിര്‍ സിങ് (18), മന്‍ദീപ് സിങ് (10), അന്‍മോല്‍പ്രീത് സിങ് (0), അഭിഷേക് ശര്‍മ (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയത് പഞ്ചാബിന് വിനയായി. നേരത്തെ  സിദ്ധാര്‍ത്ഥ് കൗളിന്റെ അഞ്ചും ഗുര്‍കീരത് മന്‍ നാലും വിക്കറ്റ് നേടിയതോടെ കേരളം രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നു. രണ്ടാം ഇന്നിങ്‌സില്‍ 31 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് അസറുദ്ദീന്‍ (27), സല്‍മാന്‍ നിസാര്‍ (28) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.

ഒന്നാം ഇന്നിങ്സില്‍ ഒമ്പത് റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്. കേരളത്തിന്റെ 227നെതിരെ പഞ്ചാബ് 218ന് പുറത്താവുകയായിരുന്നു. നിതീഷിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. 71 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങായിരുന്നു പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുര്‍കീരത് മന്‍ (37), വാലറ്റക്കാരന്‍ സിദ്ധാര്‍ത്ഥ് കൗള്‍ (25) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജലജ് സക്സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയിരുന്നു.

click me!