രഞ‌്ജി ട്രോഫി:മായങ്കിലൂടെ തിരച്ചടിച്ച് കര്‍ണാടക; ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളത്തിന്‍റെ പോരാട്ടം

By Web TeamFirst Published Jan 18, 2023, 5:01 PM IST
Highlights

ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സമര്‍ഥിനെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് കര്‍ണാടകയെ 91 റണ്‍സിലെത്തിച്ചു.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിലൂടെ തിരിച്ചടിച്ച് കര്‍ണാടക. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക രണ്ട് വിക്കറ്റഅ നഷ്ടത്തില്‍ 137 റണ്‍സെന്ന മികച്ച നിലയിലാണ്. എട്ടു വിക്കറ്റ് ശേഷിക്കെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ കര്‍ണാടകക്ക് 205 റണ്‍സ് കൂടി വേണം. 87 റണ്‍സുമായി മായങ്കും 16 റണ്‍സോടെ നിഖിന്‍ ജോസും ക്രീസില്‍. ഓപ്പണര്‍ സമര്‍ഥിന്‍റെയും ദേവ്ദത്ത് പടിക്കലിന്‍റെയും വിക്കറ്റുകളാണ് കര്‍ണാടകക്ക് നഷ്ടമായത്.

ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സമര്‍ഥിനെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് കര്‍ണാടകയെ 91 റണ്‍സിലെത്തിച്ചു. 29 റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി എം ഡി നിഥീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും നാലാം നമ്പറിലിറങ്ങിയ നിഖിന്‍ ജോസ് മായങ്കിന് മികച്ച കൂട്ടായതോടെ കേരളത്തിന് കൂടുതല്‍ വിക്കറ്റ് വീഴ്ത്തി കര്‍ണാടകയെ സമ്മര്‍ദ്ദത്തിലാക്കാനായില്ല. 159 പന്തില്‍ നാലു ഫോറും മൂന്ന് സിക്സും പറത്തിയാണ് മായങ്ക് 87 റണ്‍സടിച്ചത്.

നേരത്തെ രണ്ടാം ദിനം 224-6 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളം 342 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്‍ ബേബിയുടെയും(144) ജലജ് സക്സേനയുടെയം(57) പോരാട്ടമാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. രണ്ടാം ദിനം തുടക്കത്തില്‍ കരുതലോടെ തുടങ്ങിയ സച്ചിന്‍ ബേബിയും ജലജ് സക്സേനയും ചേര്‍ന്ന് കേരളത്തെ 250 കടത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 141 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ പുറത്താക്കിയ ശ്രേയസ് ഗോപാല്‍ ആണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സച്ചിന്‍-ജലജ് സഖ്യം ഏഴാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ പുറത്തായശേഷം സിജോമോന്‍ ജോസഫിനെ കൂട്ടുപിടിച്ച് പൊരുതിയ ജലജ് സക്സേന കേരളത്തെ 299ല്‍ എത്തിച്ചു. ജലജ് സക്സേനയെ(57) പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം തികച്ച കൗശിക് ആണ് കേരളത്തിന്‍റെ ഇന്നിംഗ്സ് അധികം നീളില്ലെന്ന് ഉറപ്പാക്കിയത്.

മൂന്നാം അംപയറുടെ ആന മണ്ടത്തരം? ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റില്‍ വന്‍ വിവാദം, തലയില്‍ കൈവെച്ച് ആരാധകര്‍

ജലജ് സക്സേന പുറത്തായശേഷം ക്രീസിലെത്തിയ വൈശാഖ് ചന്ദ്രന്‍ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിന് മികച്ച പിന്തുണ നല്‍കിയതോടെ കേരളം 300 കടന്നെങ്കിലും സിജോമോനെ(24) പുറത്താക്കി കെ ഗൗതം കേരളത്തിന്‍റെ ചെറുത്തു നില്‍പ്പ് അധികം നീട്ടിയില്ല. അവസാന വിക്കറ്റില്‍ എം ഡി നിഥീഷും(22) വൈശാഖ് ചന്ദ്രനും(12*) ചേര്‍ന്ന് നിര്‍ണായക 25 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 342ല്‍ എത്തിച്ചു. കര്‍ണാടകക്കായി  വി കൗശിക്ക് ആറും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

click me!