രഞ്ജി ട്രോഫി: കര്‍ണാടകക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്, കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി;ഇനി സമനിലക്കായുള്ള കളി

By Web TeamFirst Published Jan 20, 2023, 11:54 AM IST
Highlights

ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ കര്‍ണാടകയെ വേഗം പുറത്താക്കാമെന്ന  പ്രതീക്ഷയിലായിരുന്നു കേരളം. 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ബി ആര്‍ ശരത്തിനെ അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ(53) നിഥീഷ് മടക്കി കേരളത്തിന് പ്രതീക്ഷ നല്‍കി.

തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് 143 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി കര്‍ണാടക ഒന്നാം ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 143 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ കേരളത്തിന്‍റെ വിജയപ്രതീക്ഷ മങ്ങിയതോടെ സമനിലക്കായാണ് ഇനി കേരളം പൊരുതുന്നത്. മറുപടി ബാറ്റിം തുടങ്ങിയ കേരളത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഓപ്പണര്‍ രോഹന്‍ കുന്നുമേലിന്‍റെ വിക്കറ്റ് നഷ്ടമായി. വൈശാഖാണ് രോഹനെ(0) പുറത്താക്കിയത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ 143 റണ്‍സ് പുറകിലുള്ള കേരളം തോല്‍വി ഒഴിവാക്കാനാണ് ഇപ്പോള്‍ പൊരുതുന്നത്.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ കര്‍ണാടകയെ വേഗം പുറത്താക്കാമെന്ന  പ്രതീക്ഷയിലായിരുന്നു കേരളം. 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ബി ആര്‍ ശരത്തിനെ അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ(53) നിഥീഷ് മടക്കി കേരളത്തിന് പ്രതീക്ഷ നല്‍കി. പിന്നാലെ കെ ഗൗതമിനെ(1) വൈശാഖ് ചന്ദ്രന്‍ പുറത്താക്കിയതോടെ കര്‍ണാടക ലീഡ് 100 കടക്കില്ലെന്ന് കരുതിയെങ്കിലും ഇന്നലെ എട്ട് റണ്‍സോടെ ശുഭാങ് ഹെഡ്ഡെ വി വൈശാഖിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ പൊലിഞ്ഞു.

ഫാഷന്‍ ഷോക്ക് അല്ലല്ലോ, ക്രിക്കറ്റ് കളിക്കാനല്ലേ, സര്‍ഫ്രാസിനെ തഴയുന്നതിനെതിരെ തുറന്നടിച്ച് ഗവാസ്കര്‍

ഒമ്പതാം വിക്കറ്റില്‍ വൈശാഖ്-ശുഭാങ് ഹെഡ്ഡെ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കര്‍ണാടകയുടെ ലീഡുയര്‍ത്തി. അര്‍ധസെഞ്ചുറിയുമായി ഹെഡ്ഡെ(50) പുറത്താകാതെ നിന്നപ്പോള്‍ വൈശാഖ് 17 റണ്‍സടിച്ചു. ഒമ്പതാം വിക്കറ്റ് വീണതോടെ കര്‍ണാടക ഒന്നാം ഇന്നിംഗ്സ് ഡിക്സയര്‍ ചെയ്തു. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ മൂന്നും നിധീഷ്, ജലജ് സക്സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

click me!