ഫാഷന്‍ ഷോക്ക് അല്ലല്ലോ, ക്രിക്കറ്റ് കളിക്കാനല്ലേ, സര്‍ഫ്രാസിനെ തഴയുന്നതിനെതിരെ തുറന്നടിച്ച് ഗവാസ്കര്‍

By Web TeamFirst Published Jan 20, 2023, 10:19 AM IST
Highlights

തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെ മാത്രമേ ടീമിലെടുക്കൂവെങ്കില്‍ ഫാഷൻ ഷോയിൽ പോയി മറ്റ് ചില മോഡലുകളെ കണ്ടെത്തി അവരുടെ കൈയില്‍ ബാറ്റും ബോളും കൊടുത്ത് കളിക്കാന്‍ വിട്ടാല്‍ പോരെ. ക്രിക്കറ്റില്‍ സാധാരണ അങ്ങനെയല്ലല്ലോ. പല ശരീരപ്രകൃതിയുള്ള കളിക്കാര്‍ ക്രിക്കറ്റിലുണ്ടാകും.

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സടിച്ചു കൂട്ടിയിട്ടും മുംബൈ യുവതാരം സര്‍ഫ്രാസ് ഖാനെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്ത സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍ഫ്രാസ് മുബൈക്കായി സെഞ്ചുറി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്കര്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍സനവുമായി രംഗത്തെത്തിയത്.

കായികക്ഷമത ഇല്ലെങ്കില്‍ പിന്ന എങ്ങനെയാണ് സര്‍ഫ്രാസിന് റണ്‍സടിച്ചു കൂട്ടാനാവുകയെന്ന് ഗവാസ്കര്‍ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. കായികക്ഷമതയില്ലെങ്കില്‍ നിങ്ങള്‍ക്ക് സെഞ്ചുറി അടിക്കാനാവില്ല. ക്രിക്കറ്റില്‍ ഫിറ്റ്നെസ് പ്രധാനം തന്നെയണ്. പക്ഷെ യോ യോ ടെസ്റ്റ് ആവരുത് ഫിറ്റ്നെസിന്‍റെ അവസാന വാക്ക്. ക്രിക്കറ്റ് കളിക്കാനും സെഞ്ചുറി നേടാനും ഫിറ്റ്നെസുണ്ടെങ്കില്‍ പിന്നെ മറ്റ് കാര്യങ്ങള്‍ നോക്കേണ്ടതില്ല.

തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെ മാത്രമേ ടീമിലെടുക്കൂവെങ്കില്‍ ഫാഷൻ ഷോയിൽ പോയി മോഡലുകളെ കണ്ടെത്തി അവരുടെ കൈയില്‍ ബാറ്റും ബോളും കൊടുത്ത് കളിക്കാന്‍ വിട്ടാല്‍ പോരെ. ക്രിക്കറ്റില്‍ സാധാരണ അങ്ങനെയല്ലല്ലോ. പല ശരീരപ്രകൃതിയുള്ള കളിക്കാര്‍ ക്രിക്കറ്റിലുണ്ടാകും. ഒരാളുടെ ശരീരത്തിന്‍റെ വണ്ണമല്ല, അയാള്‍ നേടുന്ന റണ്ണുകള്‍ കൊണ്ടാണ് അയാളെ വിലയിരുത്തേണ്ടത്. ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് സര്‍ഫ്രാസ് സെഞ്ചുറികള്‍ അടിച്ചു കൂട്ടുന്നത്. അതുകൊണ്ടു തന്നെ സര്‍ഫ്രാസ് ഖാന് കായികക്ഷമത ഇല്ലെന്ന് പറയാനാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.

അവനെ അപമാനിക്കുന്നതിന് തുല്യം, സര്‍ഫ്രാസിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെങ്കിടേഷ് പ്രസാദ്

സര്‍ഫ്രാസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസറായ വെങ്കടേഷ് പ്രസാദും നേരത്തെ രംഗത്തെത്തിയിരുന്നു.സര്‍ഫ്രാസിനെ അവഗണിച്ചത് ആഭ്യന്തര ക്രിക്കറ്റിനെ പോലും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രസാദ് പറഞ്ഞിരുന്നു.

2020നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉള്‍പ്പെടെ 12 സെഞ്ചുറികളാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്.2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സര്‍ഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ ഇന്നത്തെ മത്സരത്തിന് മുമ്പ് 107.75 ശരാശരിയില്‍ 431 റൺസായിരുന്നു സര്‍ഫ്രാസ് നേടിയത്.

click me!