രഞ്ജി ട്രോഫി: ലീഡുയര്‍ത്തി പുതുച്ചേരി, കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി

By Web TeamFirst Published Jan 27, 2023, 12:10 PM IST
Highlights

നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പുതുച്ചേരിയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷ ദോഗ്രയും പാണ്ഡെയും ചേര്‍ന്ന് തുടക്കത്തിലെ തല്ലിക്കൊഴിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ അത്ഭുതജയം പ്രതീക്ഷിച്ച കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി.

പുതുച്ചേരി: നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനെതിരെ 85 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ പുതുച്ചേരി നാലാം ദിനം ശക്തമായ നിലയില്‍. ഒരു വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ പുതുച്ചേരി ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ പരസ് ദോഗ്ര അര്‍ധസെഞ്ചുറി നേടി പുറത്തായപ്പോള്‍ 59 റണ്‍സുമായി ജെയ് പാണ്ഡെയും ആറ് റണ്‍സോടെ അക്ഷയ് കര്‍ഗാവെയും ക്രീസിലുണ്ട്. എട്ട് വിക്കറ്റ് കൈയിലിരിക്കെ പുതുച്ചേരിക്ക് ഇപ്പോള്‍ 214 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

നാലാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പുതുച്ചേരിയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷ ദോഗ്രയും പാണ്ഡെയും ചേര്‍ന്ന് തുടക്കത്തിലെ തല്ലിക്കൊഴിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ അത്ഭുതജയം പ്രതീക്ഷിച്ച കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി. 110 റണ്‍സിന്‍റെ കൂട്ടുകെട്ടിനുശേഷം ടീം സ്കോര്‍ 118ല്‍ നില്‍ക്കെ ദോഗ്രയെ(55) വീഴ്ത്തി സുരേഷ് കേരളത്തിന് ആശ്വാസ വിക്കറ്റ് സമ്മാനിച്ചു. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാഞ്ഞതോടെ കേരളത്തിന് ഇനി സമനില മാത്രമാണ് ലക്ഷ്യം വെക്കാനാവു.

പൃഥ്വി ഷായുടെ കാത്തിരിപ്പ് നീളുമോ?; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന് റാഞ്ചിയില്‍

ഇന്നലെ മൂന്ന് വിക്കറ്റിന് 111 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ കേരളം 286 റണ്‍സിന് ഓൾഔട്ടായതോടെയാണ് പുതുച്ചേരി 85 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറർ. അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ കേരളത്തിന് പുതുച്ചേരിക്കെതിരെ വമ്പൻ ജയം ആനിവാര്യമാണ്.

എലൈറ്റ് ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയിന്റ് ആണുള്ളത്. ഏഴ് മത്സരങ്ങളില്‍ 35 പോയിന്‍റുള്ള കര്‍ണാടക ഒന്നും 23 പോയിന്റുള്ള ജാര്‍ഖണ്ഡ് രണ്ടും സ്ഥാനങ്ങളിലാണ്.

click me!