Asianet News MalayalamAsianet News Malayalam

പൃഥ്വി ഷായുടെ കാത്തിരിപ്പ് നീളുമോ?; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഇന്ന് റാഞ്ചിയില്‍

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നു ഫോമിലായിരുന്നെങ്കിലും മൂന്ന് വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ ഇന്ന് കളിച്ചേക്കില്ല. ഷായുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് തന്നെയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് നല്‍കുന്ന സൂചന. സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പണ്ഡ്യ, ദീപക് ഹൂഡ എന്നിവരടങ്ങിയ ഇന്ത്യയുടെ യുവനിര ഏത് ബൗളിംഗ് നിരയ്ക്കും ഭീഷണിയുയർത്താൻ പോന്നവരാണ്.

India vs New Zealand 1st T20I Match Preview, When and Where to Watch
Author
First Published Jan 27, 2023, 10:21 AM IST

റാഞ്ചി: ന്യുസീലൻഡിനെതിരായ ടി20 പരമ്പരയിൽ ജയിച്ച് തുടങ്ങാൻ ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ഏഴിന് റാഞ്ചിയിലാണ് ആദ്യ മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 ലോകകപ്പിന് ശേഷം തുടർച്ചയായ മൂന്നാം ടി20 പരമ്പരയിലാണ് ഹാർദ്ദിക് പണ്ഡ്യ ടീമിനെ നയിക്കുന്നത്. സീനിയർ താരങ്ങളെല്ലാം ഇത്തവണയും ടീമിന് പുറത്താണ്. ഹാർദ്ദിക്ക് പണ്ഡ്യയുടെ നേതൃത്വത്തിൽ യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ കിവീസിനെ നേരിടാൻ ഇറങ്ങുന്നത്.

ഓപ്പണിംഗിലെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമായില്ലെങ്കിലും റാഞ്ചിയിൽ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും തന്നെ ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങും. ഏകദിനത്തിലെ റണ്‍വേട്ടയ്ക്ക് പിന്നാലെ ടി20യിലും ശുഭ്മാൻ ഗില്ലിന് മികവ് തുടരാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇഷാൻ കിഷനാകട്ടെ ഏകദിന ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ഡബിള്‍ സെഞ്ചുറിക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ചെങ്കിലും വലിയ സ്കോര്‍ നേടാന്‍ കിഷനായിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലായിരുന്നെങ്കിലും മൂന്ന് വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ ഇന്ന് കളിച്ചേക്കില്ല. ഷായുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് തന്നെയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് നല്‍കുന്ന സൂചന. സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പണ്ഡ്യ, ദീപക് ഹൂഡ എന്നിവരടങ്ങിയ ഇന്ത്യയുടെ യുവനിര ഏത് ബൗളിംഗ് നിരയ്ക്കും ഭീഷണിയുയർത്താൻ പോന്നവരാണ്.

പരിശീലനത്തിന് ഇറങ്ങി ഇന്ത്യന്‍ ടീം; സര്‍പ്രൈസ് സന്ദര്‍ശനവുമായി റാഞ്ചിയുടെ പുത്രന്‍- വീഡിയോ

ബൗളിംഗിൽ അർഷ്‌ദീപിനൊപ്പം ഉമ്രാൻ മാലിക്കിനും ശിവം മാവിക്കും അവസരം കിട്ടും. യുസ്‍വേന്ദ്ര ചഹൽ,കുൽദീപ് യാദവ് എന്നിവരിലൊരാൾക്കാകും സാധ്യത. ഏകദിന പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ നിരാശ മാറ്റാനാണ് കിവീസ് ഇറങ്ങുന്നത്. എന്നാൽ കെയ്ൻ വില്യംസൺ, ടിം സൗത്തി, ട്രെന്‍റ് ബോൾട്ട് തുടങ്ങിയ സീനിയർ താരങ്ങളുടെ അഭാവം ടീമിന് ആശങ്കയാണ്.

ഏകദിനത്തിൽ ടീമിനെ നയിച്ച ടോം ലാഥത്തിന് പകരം മിച്ചൽ സാന്‍റ്നറാണ് ഇത്തവണ നായകൻ. സാന്‍റ്നറിന് കീഴിൽ 10 കളിയിൽ എട്ടെണ്ണത്തിലും ജയിക്കാൻ കിവീസിനായിട്ടുണ്ടെന്നത് ആശ്വാസം. ബൗളിംഗ് യൂണിറ്റിന് പരിചയസമ്പന്നതയില്ലെന്നതും ടീമിന് തിരിച്ചടി. ബെൻ ലിസ്റ്ററും ഹെൻട്രി ഷിപ്ലിയും ടി20യിൽ അരങ്ങേറ്റക്കാരാണ്. ബ്ലെയർ ടിക്നർ, ജേക്കബ് ഡഫി എന്നിവരും പരിചയസന്പന്നരല്ല. ഇഷ് സോധി ഫിറ്റ്നസ് വീണ്ടെടുത്തെന്നത് ടീമിന് ആശ്വാസമാകും. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.ഇന്ത്യയുടെ ഭാഗ്യവേദികൂടിയായ റാഞ്ചിയിൽ കളിച്ച മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യക്ക് ജയിക്കാനായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios