പരിശീലനത്തിന് ഇറങ്ങി ഇന്ത്യന്‍ ടീം; സര്‍പ്രൈസ് സന്ദര്‍ശനവുമായി റാഞ്ചിയുടെ പുത്രന്‍- വീഡിയോ

By Web TeamFirst Published Jan 26, 2023, 10:07 PM IST
Highlights

എം എസ് ധോണിയുടെ നാടാണ് ഇന്ത്യ-കിവീസ് ആദ്യ ടി20 നടക്കുന്ന റാഞ്ചി

റാഞ്ചി: ന്യൂസിലന്‍ഡിന് എതിരെ നാളെ നടക്കുന്ന ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം റാഞ്ചിയില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഇഹിഹാസ താരം എം എസ് ധോണി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ തുടങ്ങിയവരുമായി ധോണി ഏറെ നേരം ചിലവിട്ടു. ഇന്ത്യന്‍ ടീം സ്റ്റാഫുമായും ധോണി കുശലം പറഞ്ഞു. പരമ്പരയ്ക്ക് മുന്നോടിയായി വാഷിംഗ്‌ടണിന് പ്രത്യേകം നിര്‍ദേശങ്ങള്‍ എംഎസ്‌ഡി നല്‍കുന്നത് വീഡിയോയില്‍ കാണാം. 

എം എസ് ധോണിയുടെ നാടാണ് ഇന്ത്യ-കിവീസ് ആദ്യ ടി20 നടക്കുന്ന റാഞ്ചി. റാഞ്ചിയിലെ ഝാർഖണ്ഡ്‌ സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ സ്ഥിരം സന്ദര്‍ശകനാണ് എം എസ് ധോണി. ഐപിഎല്ലിന് മുന്നോടിയായി ധോണി തയ്യാറെടുപ്പുകള്‍ നടത്തുന്നത് ഇവിടെയാണ്. ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണി ഇതിനകം പരിശീലനം സജീവമാക്കിയിട്ടുണ്ട്. 

റാഞ്ചിയില്‍ വെള്ളിയാഴ്‌ച വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയൊന്നുമില്ല. കിവീസിനെ ഏകദിന പരമ്പരയില്‍ 3-0ന് തരിപ്പണമാക്കിയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ യുവനിരയാണ് ടി20 പരമ്പരയില്‍ കളിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ്മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ കെ എല്‍ രാഹുലും അക്‌സര്‍ പട്ടേലും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ശുഭ്‌മാന്‍ ഗില്‍-ഇഷാന്‍ കിഷന്‍ സഖ്യമായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നുറപ്പായിട്ടുണ്ട്. 

Look who came visiting at training today in Ranchi - the great ! 😊 | pic.twitter.com/antqqYisOh

— BCCI (@BCCI)

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

പൃഥ്വി ഷാ കാത്തിരിക്കണം, ഓപ്പണര്‍മാരെ പ്രഖ്യാപിച്ച് പാണ്ഡ്യ; രണ്ട് തലവേദന അവശേഷിക്കുന്നു

click me!