രഞ്ജി ട്രോഫി: കേരളത്തെ തരം താഴ്ത്തി, മുംബൈ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

By Web TeamFirst Published Feb 7, 2020, 8:54 PM IST
Highlights

വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സിന് മറുപടിയായി കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു. കേരളത്തിനെതിരായ സമനില വിദര്‍ഭയ്ക്കും കനത്ത തിരിച്ചടിയായി

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി മത്സരം മഴയില്‍ ഒലിച്ചുപോയതോടെ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ കേരളം സി ഗ്രൂപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു. മഴൂമലം രണ്ട് ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായതോയെ വിദര്‍ഭക്കെതിരായ മത്സരത്തില്‍ സമനില മാത്രം നേടിയ കേരളം പോയന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്. എട്ട് കളികളില്‍ ഒരു ജയം മാത്രം നേടിയ കേരളത്തിന് 10 പോയന്റ് മാത്രമാണുള്ളത്. അഞ്ച് തോല്‍വിയും രണ്ട് സമനിലയും മാത്രമാണ് സീസണില്‍ കേരളത്തിന്റെ നേട്ടം. ഏഴ് കളികളില്‍ ആറ് പോയന്റുള്ള ഹൈദരാബാദ് മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്.

വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 326 റണ്‍സിന് മറുപടിയായി കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു. കേരളത്തിനെതിരായ സമനില വിദര്‍ഭയ്ക്കും കനത്ത തിരിച്ചടിയായി. ഏഴ് കളികളില്‍ 18 പോയന്റുള്ള വിദര്‍ഭക്ക് മറ്റ് ടീമുകളുടെ ഫലം അനുസരിച്ചെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവു. അതേസമയം, രഞ്ജിയില്‍ 41 തവണ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ സമനില നേടാനെ മുംബൈക്കായുള്ളു. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയതോടെ വിജയത്തില്‍ കുറഞ്ഞതൊന്നും മുംബൈയെ ക്വാര്‍ട്ടറിലെത്തിക്കുമായിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 92/7 എന്ന നിലയില്‍ തകര്‍ന്ന സൗരാഷ്ട്രക്കെതിരെ മുംബൈ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും എട്ടാം വിക്കറ്റില്‍ കമലേഷ് മക്‌വാനയും(31) ധര്‍മേന്ദ്ര ജഡേജയും(33) പിടിച്ചു നിന്നതോടെ മുംബൈ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. ഏഴ് കളികളില്‍ 14 പോയന്റ് മാത്രമാണ് മുംബൈക്കുള്ളത്.

click me!