രഞ്ജി ട്രോഫി: സെഞ്ചുറിയുമായി പോരാട്ടം തുടര്‍ന്ന് സച്ചിന്‍ ബേബി, കര്‍ണാടകക്കെതിരെ കേരളത്തിന് 6 വിക്കറ്റ് നഷ്ടം

By Web TeamFirst Published Jan 17, 2023, 2:48 PM IST
Highlights

തുടക്കത്തിലെ പതറിയ കേരളത്തെ വത്സല്‍ ഗോവിന്ദും സച്ചിന്‍ ബേബിയും ചേര്‍ന്ന് കരകയറ്റി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലഞ്ചിനുശേഷം വത്സല്‍ ഗോവിന്ദിനെ(46)യും സല്‍മാന്‍ നിസാറിനെയും മടക്കി കൗശിക് ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ കേരളം പകച്ചെങ്കിലും പതറാതെ പൊരുതിയ സച്ചിന്‍ ബേബിക്കൊപ്പം അക്ഷയ് ചന്ദ്രന്‍(17) കൂടി ചേര്‍ന്നതോടെ കേരളം ഭേദപ്പെട്ട നിലയിലെത്തി.

തിരുവനന്തപുരം: സച്ചിന്‍ ബേബിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ കര്‍ണാടകക്കെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം. തുടക്കത്തില്‍ 6-3 എന്ന നിലയില്‍ തകര്‍ന്ന കേരളം ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സച്ചിന്‍ ബേബി 104 റണ്‍സുമായി ക്രീസിലുണ്ട്.

തുടക്കത്തില്‍ കൂട്ടത്തകര്‍ച്ച, രക്ഷകനായി സച്ചിന്‍

ടോസിലെ ഭാഗ്യം ഹോം ഗ്രൗണ്ടില്‍ കേരളത്തെ ബാറ്റിംഗില്‍ തുണച്ചില്ല. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ കേരളത്തിന് ഓപ്പണര്‍ പി രാഹുലിനെ നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ കൗശിക് രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ഫോമിലുള്ള രോഹന്‍ പ്രേമിന്‍റെ വിക്കറ്റും കേരത്തിന് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പെ വൈശാഖാണ് രോഹന്‍ പ്രേമിനെ ദേവ്ദത്ത് പടിക്കലിന്‍റെ കൈകളിലെത്തിച്ചത്. തൊട്ടു പിന്നാലെ ഓപ്പണര്‍ രോഹന്‍ കുന്നുമേലിനെ(5) കൂടി മടക്കി കൗശിക് കേരളത്തെ 6-3 എന്ന സ്കോറിലേക്ക് തള്ളിയിട്ടു.


കരകയറ്റി സച്ചിനും വത്സലും

തുടക്കത്തിലെ പതറിയ കേരളത്തെ വത്സല്‍ ഗോവിന്ദും സച്ചിന്‍ ബേബിയും ചേര്‍ന്ന് കരകയറ്റി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലഞ്ചിനുശേഷം വത്സല്‍ ഗോവിന്ദിനെ(46)യും സല്‍മാന്‍ നിസാറിനെയും മടക്കി കൗശിക് ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍ കേരളം പകച്ചെങ്കിലും പതറാതെ പൊരുതിയ സച്ചിന്‍ ബേബിക്കൊപ്പം അക്ഷയ് ചന്ദ്രന്‍(17) കൂടി ചേര്‍ന്നതോടെ കേരളം ഭേദപ്പെട്ട നിലയിലെത്തി. 201 പന്തില്‍ 12 ഫോറും ഒരു സിക്സും പറത്തിയാണ് സച്ചിന്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. തൊട്ടു പിന്നാലെ ചായക്ക് തൊട്ടു മുമ്പ് അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റ്(17) വീഴ്ത്തി ശ്രേയസ് ഗോപാല്‍ കേരളത്തിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. കര്‍ണാടകക്കായി വി കൗശിക് നാലു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര: അവനുവേണ്ടി കോലി ത്യാഗം ചെയ്യട്ടെയെന്ന് മഞ്ജരേക്കര്‍

സര്‍വീസസിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരളം കര്‍ണാടകക്കെതിരെ ഇറങ്ങിയത്. ഓപ്പണറായി രോഹന്‍ കുന്നുമേല്‍ തിരിച്ചെത്തിയപ്പോള്‍ ബേസില്‍ തമ്പി പുറത്തായി. അഞ്ച് കളികളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമുള്ള കര്‍ണാടകയാണ് 26 പോയന്‍റുമായി കേരളത്തിന്‍റെ ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് കളികളില്‍ മൂന്ന് ജയവും ഒറു തോല്‍വിയും ഒരു സമനിലയുമുള്ള കേരളം 19 പോയന്‍റുമായി കര്‍ണാടകക്ക് പിന്നിലാണ്. നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ കര്‍ണാടകക്കെതിരായ മത്സരം കേരളത്തിന് നിര്‍ണായകമാണ്.

click me!