Virat Kohli: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരുടെ പട്ടികയുമായി മഞ്ജരേക്കര്‍, വിരാട് കോലിയില്ല

By Web TeamFirst Published Jan 29, 2022, 7:43 PM IST
Highlights

ഐസിസി ടൂര്‍ണമെന്‍റുകളിലെ കിരീട നേട്ടങ്ങളാണ് ധോണിയെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ നായകനാക്കുന്നതെന്ന് മ‍ഞ്ജരേക്കര്‍ പറഞ്ഞു. മൂന്ന് പ്രധാന ഐസിസി കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.

മുംബൈ: ടി20 ക്രിക്കറ്റിനും ഏകദിന ക്രിക്കറ്റിനും പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും വിരാട് കോലി(Virat Kohli) കൈവിട്ടതിന് പിന്നാലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍(Sanjay Manjrekar). ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ് വിരാട് കോലിയെങ്കിലും മ‍ഞ്ജരേക്കറുടെ പട്ടികയില്‍ കോലിയില്ല എന്നത് ശ്രദ്ധേയമാണ്.

മഞ്ജരേക്കറുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് കോലിയുടെ മുന്‍ഗാമിയായ എം എസ് ധോണിയുടെ(MS Dhoni) പേരാണ്. ധോണിയെ ആദ്യ പേരുകാരനായി തെരഞ്ഞെടുക്കാനുള്ള കാരണവും മഞ്ജരേക്കര്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. ഐസിസി ടൂര്‍ണമെന്‍റുകളിലെ കിരീട നേട്ടങ്ങളാണ് ധോണിയെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ നായകനാക്കുന്നതെന്ന് മ‍ഞ്ജരേക്കര്‍ പറഞ്ഞു. മൂന്ന് പ്രധാന ഐസിസി കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.

ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കുന്നത് പതിവുപോലെ ഓഫീസില്‍ പോയി വരുന്നതുപോലെയാണ്. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റുകള്‍ അങ്ങനെയല്ല. സമ്മര്‍ദ്ദം അതിജീവിച്ചാല്‍ മാത്രമെ അവിടെ വിജയിച്ച് മടങ്ങാനാവു. അതുകൊണ്ടാണ് ധോണിയെ ഏറ്റവും മികച്ച നായകനായി തെരഞ്ഞെടുക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

വിരാട് കോലിയുടെ കീഴില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും 2021ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ തോറ്റ് പുറത്തായിരുന്നു. ധോണി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം 1983ലെ ഏകദിന ലോകകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച കപില്‍ ദേവിനാണെന്നും മഞ്ജരേക്കര്‍ പറയുന്നു. ധോണിയും കപിലും കഴിഞ്ഞാല്‍ സൗരവ് ഗാംഗുലിയും സുനില്‍ ഗവാസ്കറുമാണ് മ‍ഞ്ജരേക്കറുടെ പട്ടികയില്‍ ഇടം നേടിയ മികച്ച ക്യാപ്റ്റന്‍മാര്‍.

ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് കപില്‍ ദേവാണെന്നും ഒത്തുകളിയുടെ നിഴലില്‍ ഉഴറിയ ഇന്ത്യന്‍ ക്രിക്കറ്റിനെ വിദേശത്തെ വിജയങ്ങളിലൂടെ ആരാധകരുടെ വിശ്വാസം തിരിച്ചുപിടിച്ചത് സൗരവ് ഗാംഗുലിയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം, കോലിയുടെ ക്യാപ്റ്റന്‍സി മികവിനെ പൂര്‍ണമായും തള്ളിക്കളയാനും മ‍ഞ്ജരേക്കര്‍ ഒരുക്കമല്ല. അവസാനം വരെ പൊരുതാനുള്ള മനോഭാവം കളിക്കാരില്‍ നിറച്ചത് കോലിയാണെന്നും ടീമിന് ഒന്നാകെ ഊര്‍ജ്ജം പകരാന്‍ കോലിക്ക് കഴിഞ്ഞിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു. പക്ഷെ ഐസിസി ടൂര്‍ണമെന്‍റുകളിലെ കിരീടങ്ങളുടെ കാര്യമെടുക്കുമ്പോള്‍ കോലി പിന്നിലായി പോകുന്നുവെന്നും മ‍ഞ്ജരേക്കര്‍ വ്യക്തമാക്കി.

click me!