പന്തെറിയാന്‍ ഏറ്റവുമധികം ബുദ്ധിമുട്ട് ആ ഇന്ത്യന്‍ താരത്തിനെതിരെ; അത് കോലിയോ രോഹിത്തോ അല്ലെന്ന് റാഷിദ് ഖാന്‍

By Web TeamFirst Published Jun 10, 2020, 6:46 PM IST
Highlights

അണ്ടര്‍ 19 കാലഘട്ടത്തില്‍ തന്നെ ഋഷഭിന്റെ മികവ് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും റാഷിദ് വ്യക്തമാക്കി. 2015ലെ അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പന്തിനെതിരെ ഞങ്ങള്‍ ബൗള്‍ ചെയ്തിട്ടുണ്ട്.

കാബൂള്‍: പന്തെറിയാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടേറിയ താരമാരാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയോ രോഹിത് ശര്‍മയോ ഓസീസ് താരം സ്റ്റീവ് സ്മിത്തോ ഒന്നുമല്ല റാഷിദിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്‍. അത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്താണ്. പ്രതിഭാധനനായ ബാറ്റ്സ്മനാണ് ഋഷഭ് പന്തെന്നും അദ്ദേഹത്തിനെതിരെ പന്തെറിയുക വലിയ വെല്ലുവിളിയാണെന്നും റാഷിദ് ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സംസാരിക്കുകയായിരുന്നു റാഷിദ്.

അണ്ടര്‍ 19 കാലഘട്ടത്തില്‍ തന്നെ ഋഷഭിന്റെ മികവ് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണെന്നും റാഷിദ് വ്യക്തമാക്കി. 2015ലെ അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ പന്തിനെതിരെ ഞങ്ങള്‍ ബൗള്‍ ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ ബൗളര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു പന്തിന്റെ ബാറ്റിംഗ് ശൈലി. അന്ന് പന്ത് ഞങ്ങള്‍ക്കെതിരെ ഒരോവറില്‍ തൂടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പായിച്ചു.


നാലാം പന്തിലും സിക്സറിനായി പന്ത് ശ്രമിച്ചു. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് ഷോട്ട് മിഡ്‌വിക്കറ്റില്‍ ഫീല്‍ഡര്‍ കൈവിട്ടു.  അയാള്‍ക്കെതിരെ പന്തെറിയുമ്പോള്‍ ഞങ്ങളുടെ ബൗളര്‍മാര്‍ ശരിക്കും നിസഹായരായി എന്ത് ചെയ്യണമെന്നറിയാതെ എങ്ങനെ പുറത്താക്കുമെന്നറിയാതെ തലയില്‍ കൈവച്ചു നിന്നിട്ടുണ്ട്-റാഷിദ് പറഞ്ഞു. ഋഷഭ് പന്തിന്റെ ആവനാഴിയില്‍ എല്ലാ ഷോട്ടുകളുമുണ്ട്. അയാള്‍ക്കെതിരെ പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടാണ്. വമ്പനടിക്കാരെ പുറത്താക്കാന്‍ അവരെ ബാക് ഫൂട്ടില്‍ കളിപ്പിക്കുക എന്ന തന്ത്രമാണ് താന്‍ എപ്പോഴും പരീക്ഷിക്കാറുള്ളതെന്നും റാഷിദ് പറ‍ഞ്ഞു.

Also Read:സ്റ്റാര്‍ പേസര്‍ സന്ദീപ് വാര്യര്‍ കേരളം വിടുന്നു; ഇനി പുതിയ തട്ടകം

ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ബാറ്റിംഗ് പറുദീസയായ ബംഗലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പന്തെറിയാനാണ് താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുള്ളതെന്നും റാഷിദ് പറഞ്ഞു. ചിന്നസ്വാമിയില്‍ ചെറിയ ഗ്രൗണ്ടായതിനാല്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാണ്.  ഇന്ത്യ-അഫ്ഗാന്‍ ടീമുകളുടെ സംയുക്ത ഇലവനെയും റാഷിദ് തെരഞ്ഞെടുത്തു.

റാഷിദ് തെരഞ്ഞെടുത്ത ഇന്ത്യ-അഫ്ഗാന്‍ സംയുക്ത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, റഹ്മത് ഷാ, കെ എല്‍ രാഹുല്‍, എം എസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ//മൊഹമ്മദ് നബി, റാഷിദ് ഖാന്‍/ യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് ഷമി, മുജീബ് ഉര്‍ റഹ്മാന്‍.

click me!