കൊച്ചി: കേരളത്തിന്റെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീം വിടുന്നതായി സ്ഥിരീകരണം. അടുത്ത രഞ്ജി ട്രോഫി സീസണ്‍ മുതല്‍ തമിഴ്‌നാടിനായാണ് സന്ദീപ് കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യ സിമന്റ്‌സ് ജീവനക്കാരനായ സന്ദീപ് ചെന്നൈയിലാണ് പരിശീലനം നടത്താറുള്ളത്. 2018-19 സീസണില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ സന്ദീപ് ആയിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് സന്ദീപ്. 

ഫസ്റ്റ് ക്ലാസില്‍ 57 മല്‍സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.43 ശരാശരിയില്‍ 186 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സന്ദീപ് കൊയ്തിരുന്നു. 55 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 66 വിക്കറ്റുകളും 47 ടി20കളില്‍ നിന്നും 7.2 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 46 വിക്കറ്റുകളും താരം നേടി.