വെറും 22 മിനുറ്റുകള്‍, റാഷിദ് ഖാന്‍ അഫ്‌ഗാന്‍ നായകസ്ഥാനമൊഴിഞ്ഞു; ടി20 ലോകകപ്പ് സെലക്ഷനെ ചൊല്ലി പോര്

By Web TeamFirst Published Sep 10, 2021, 11:04 AM IST
Highlights

റാഷിദ് ഖാനെ നായകനാക്കി ടീമിനെ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു

കാബൂള്‍: ട്വന്‍റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ക്യാപ്റ്റന്‍സ്ഥാനം രാജിവച്ചു. ടീം പ്രഖ്യാപനം തന്നോട് ആലോചിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റാഷിദ് ഖാന്റെ രാജി. ഇതോടെ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ മുഹമ്മദ് നബി അഫ്‌ഗാന്‍ ടീമിനെ ലോകകപ്പില്‍ നയിക്കും എന്നാണ് റിപ്പോര്‍ട്ട്. 

റാഷിദ് ഖാനെ നായകനാക്കി ടീമിനെ അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ എസിബിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് 22 മിനുറ്റുകള്‍ മാത്രം പിന്നാലെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതായി റാഷിദ് ഖാന്‍ അറിയിക്കുകയായിരുന്നു. 'ക്യാപ്റ്റനെന്ന നിലയില്‍ ദേശീയ ടീം തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകാന്‍ അവകാശമുണ്ട്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയും അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും തന്‍റെ അഭിപ്രായം ആരാഞ്ഞില്ല. ടി20 ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഉടനടി പടിയിറങ്ങുകയാണ്. അഫ്‌ഗാനായി കളിക്കുന്നത് എപ്പോഴും അഭിമാനം നല്‍കുന്ന കാര്യമാണ്' എന്നുമാണ് ട്വിറ്ററില്‍ റാഷിദ് ഖാന്‍റെ പ്രതികരണം.  

🙏🇦🇫 pic.twitter.com/zd9qz8Jiu0

— Rashid Khan (@rashidkhan_19)

15 പേരടങ്ങുന്ന സ്‌ക്വാഡിനെ പ്രഖ്യാപിക്കാനാണ് ഐസിസി നിര്‍ദേശമെങ്കിലും 18 അംഗ ടീമിനെയാണ് അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചത്. റാഷിദ് ഖാന്‍ ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതും 15 പേരില്‍ കൂടുതല്‍ താരങ്ങളെ പ്രഖ്യാപിച്ചതിനാലും അഫ്‌ഗാനിസ്ഥാന്‍ സ്‌ക്വാഡില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ സിംബാബ്‌വെയ്‌ക്ക് എതിരെയായിരുന്നു അഫ്‌ഗാന്‍ അവസാനമായി ടി20 കളിച്ചത്. അസ്‌ഗാര്‍ അഫ്‌ഗാനായിരുന്നു പരമ്പരയില്‍ ടീമിനെ നയിച്ചത്. 

ടി20 ലോകകപ്പിനുള്ള അഫ്‌ഗാന്‍ ടീം

റാഷിദ് ഖാന്‍, മുജീബ് റഹ്‌മാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), കരീം ജനാത്, ഹസ്രത്തുള്ള സസായ്, ഗുല്‍ബാദിന്‍ നൈബ്, ഉസ്‌മാന്‍ ഗാനി, നവീന്‍ ഉള്‍ ഹഖ്, അസ്‌ഗാര്‍ അഫ്‌ഗാന്‍, ഹമീദ് ഹസന്‍, മുഹമ്മദ് നബി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നജീബുള്ള സദ്രാന്‍, ദൗലത് സദ്രാന്‍, ഹഷ്‌മത്തുള്ള ഷാഹിദീ, ഷപൂര്‍ സദ്രാന്‍, മുഹമ്മദ് ഷഹ്‌സാദ്(വിക്കറ്റ് കീപ്പര്‍), ഖ്വായിസ് അഹമ്മദ്. 

റിസര്‍വ് താരങ്ങള്‍

അഫ്‌സാര്‍ സസായ്, ഫരീദ് അഹമ്മദ്. 

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, ഡൂപ്ലെസി, മോറിസ് പുറത്ത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!