
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന പരിശീലകരില്‍ ഒരാളാണ് രവി ശാസ്ത്രി. ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ തുടർച്ചയായി ടെസ്റ്റ് പരമ്പരകള്‍ വിജയിച്ചതും കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തിയതും ശ്രദ്ധേയം. എന്നാല്‍ ടീമിലെ താരങ്ങളുടെ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സീനിയർ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്.
'ഒരു നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാതിരുന്ന ബാറ്റർമാരോട് രവി ശാസ്ത്രിക്ക് വളരെ കുറവ് സഹിഷ്ണുതയാണ് ഉണ്ടായിരുന്നത്. നെറ്റ്സിലും മാച്ചിലും രണ്ട് തരത്തില്‍ ബാറ്റ് വീശിയാലും ഇഷ്ടപ്പെടില്ല. എന്താണ് ടീമില്‍ നിന്ന് വേണ്ടത് എന്നും എങ്ങനെയാണ് താരങ്ങള്‍ കളിക്കേണ്ടതെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം. താരങ്ങളെ മികച്ച പ്രകടനം നടത്താന്‍ എപ്പോഴും അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു. പരാജയങ്ങളോടും കുറച്ച് സഹിഷ്ണുതയേ ശാസ്ത്രി കാട്ടിയിട്ടുള്ളൂ. താരങ്ങളെ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഏറെ പ്രചോദിപ്പിച്ച പരിശീലകനാണ്. പരിശീലകനെന്ന നിലയില്‍ വളരെ ഊർജ്വസ്വലനായിരുന്നു രവി ശാസ്ത്രി' എന്നും ദിനേശ് കാർത്തിക് ക്രിക്ബസിന്‍റെ ഡോക്യുമെന്‍ററി സീരീസില്‍ പറഞ്ഞു.
2017 ജൂലൈയില്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായ രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞ ടി20 ലോകകപ്പോടെ അവസാനിക്കുകയായിരുന്നു. നിലവില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്‍റെ കമ്മീഷണറാണ്. സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് പ്രത്യേക മത്സരത്തോടെ ഇക്കുറി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് തുടക്കമാകും. 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന മത്സരമാണിത്. മത്സരത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും.
തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഒക്‌ടോബര്‍ എട്ട് വരെ നീണ്ടുനില്‍ക്കും. ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. കാരാവന്‍ സ്റ്റൈലിലായിരിക്കും ടീമും താരങ്ങളും ഓരോ നഗരങ്ങളിലേക്കും സഞ്ചരിക്കുക.
മെസിയോ സിആർ7നോ, ഇഷ്ട കായിക താരം, ചെല്ലപ്പേര്? കാത്തിരുന്ന മറുപടികളുമായി സഞ്ജു- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!