Asianet News MalayalamAsianet News Malayalam

മെസിയോ സിആർ7നോ, ഇഷ്ട കായിക താരം, ചെല്ലപ്പേര്? കാത്തിരുന്ന മറുപടികളുമായി സഞ്ജു- വീഡിയോ

ഇഷ്ടപ്പെട്ടിട്ടും കഴിക്കാന്‍ കഴിയാത്ത ഭക്ഷണം, ഏറ്റവും ഇഷ്ടപ്പെട്ട കായികതാരം, അധികമാർക്കും അറിയാത്ത വിളിപ്പേര് എന്നിങ്ങനെ നീളുന്നു റാപിഡ് ഫയറില്‍ സഞ്ജുവിനോടുള്ള ചോദ്യങ്ങള്‍

ZIM vs IND Watch Sanju Samson fun rapid fire choosing between Lionel Messi and Cristiano Ronaldo
Author
Harare, First Published Aug 17, 2022, 11:34 AM IST

ഹരാരെ: ഇന്ത്യയുടെ സിംബാബ്‍വെ പര്യടനത്തില്‍ ഏറെ ആകർഷകമായ താരങ്ങളിലൊരാള്‍ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണ്. പരമ്പരയ്ക്ക് മുമ്പ് പരിശീലനം നടത്തുന്ന സഞ്ജുവിന്‍റെ ചിത്രം ബിസിസിഐ ഇന്നലെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. സഞ്ജു ആരാധകർക്കായി താരത്തിന്‍റെ രസകരമായ അഭിമുഖമാണ് ഒടുവിലായി ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയർ ചെയ്തിരിക്കുന്നത്. 

ഇഷ്ടപ്പെട്ടിട്ടും കഴിക്കാന്‍ കഴിയാത്ത ഭക്ഷണം, ഏറ്റവും ഇഷ്ടപ്പെട്ട കായികതാരം, അധികമാർക്കും അറിയാത്ത വിളിപ്പേര്, മെസിയേയോ റോണോയേയോ കൂടുതല്‍ ഇഷ്ടം എന്നിങ്ങനെ നീളുന്നു റാപിഡ് ഫയറില്‍ സഞ്ജുവിനോടുള്ള ചോദ്യങ്ങള്‍. 

ബപ്പു എന്നാണ് സഞ്ജു സാംസണിന്‍റെ അധിമാർക്കും അറിയാത്ത ചെല്ലപ്പേര്. പര്യടനങ്ങള്‍ക്ക് മുമ്പും പര്യടനസമയത്തും ഒഴിവാക്കാറുള്ള ചോക്ക്‍ലേറ്റുകളും അമ്മയുണ്ടാക്കിത്തരുന്ന ചില ഇഷ്ട വിഭവങ്ങളും മിസ് ചെയ്യുന്നുണ്ട്. ബീച്ചാണോ കൊടുമുടികളാണോ ഇഷ്ടമെന്ന ചോദ്യത്തിന് തീർച്ചയായും ബീച്ചുകള്‍ എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. നാടായ കേരളത്തിലുള്ള കായലുകള്‍ ഏറെ ഇഷ്ടമാണെന്നും സഞ്ജു വ്യക്തമാക്കി. മെസിയേയോ റൊണാള്‍ഡോയേയോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് നയപരമായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. രണ്ടുപേരെയും ഇഷ്ടമാണെന്ന് പറഞ്ഞ സഞ്ജു, മെസിയോട് അല്‍പം ഇഷ്ടക്കൂടുതലുണ്ടെന്ന് തുറന്ന് സമ്മതിച്ചു. ഇഷ്ടപ്പെട്ട കായികതാരങ്ങളിലൊരാള്‍ എം എസ് ധോണിയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഇഷ്ടം യുസ്‍വേന്ദ്ര ചാഹലിനേയാണ്. താനും ഭാര്യയും ശിഖർ ധവാന്‍റെ രസകരമായ റീല്‍സുകള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നും സഞ്ജു കൂട്ടിച്ചേർത്തു. 

സിംബാബ്‍വെക്കെതിരായ ആദ്യ ഏകദിനം നാളെയാണ്. 20, 22 തിയതികളില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷനും സ്ക്വാഡിലുണ്ട്. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ ശിഖർ ധവാനാണ്. രാഹുല്‍ ദ്രാവിഡ് വിശ്രമത്തിലായതിനാല്‍ വിവിഎസ് ലക്ഷ്‍മണാണ് പരിശീലകന്‍.  

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

സിംബാബ്‍വെക്കെതിരായ ആദ്യ ഏകദിനം നാളെ; മത്സരസമയവും കാണാനുള്ള വഴികളും അറിയാം

Follow Us:
Download App:
  • android
  • ios