Ravi Shastri : അശ്വിന് അന്ന് വേദനിച്ചെങ്കില്‍ എനിക്കതില്‍ സന്തോഷമേയുള്ളു; വിവാദ പ്രസ്താവനയെ കുറിച്ച് ശാസ്ത്രി

By Web TeamFirst Published Dec 24, 2021, 2:36 PM IST
Highlights

സിഡ്നി ടെസ്റ്റിലാണ് അശ്വിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കുല്‍ദീപ് അഞ്ച് വിക്കറ്റെടുക്കുകയും ചെയ്തു. ശാസ്ത്രിയുടെ അന്നത്തെ പ്രതികരണം വേദനിപ്പിച്ചതായി അശ്വിനും വ്യക്തമാക്കിയിരുന്നു.
 

മുംബൈ: 2019-20 ലെ ഓസ്‌ട്രേലിയന്‍ (India Australian Tour) പര്യടനത്തിലാണ് കുല്‍ദീപ് യാദവിനെ (Kuldeep Yadav) ഇന്ത്യയുടെ ഒന്നാംനമ്പര്‍ സ്പിന്നറെന്ന് രവി ശാസ്ത്രി (Ravi Shastri) വിശേഷിപ്പിച്ചത്. ആര്‍ അശ്വിന്‍ (R Ashwin) ടീമിലുള്ളപ്പോഴായിരുന്നു ഈ സംഭവം. സിഡ്നി ടെസ്റ്റിലാണ് അശ്വിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കുല്‍ദീപ് അഞ്ച് വിക്കറ്റെടുക്കുകയും ചെയ്തു. ശാസ്ത്രിയുടെ അന്നത്തെ പ്രതികരണം വേദനിപ്പിച്ചതായി അശ്വിനും വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കുയാണ് ഇന്ത്യയുടെ മുന്‍  പരിശീലകന്‍ ശാസ്ത്രി. അന്ന് പറഞ്ഞതില്‍ അശ്വിന് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഞാനതില്‍ സന്തോഷവാനാണന്നാണ് ശാസ്ത്രി പറയുന്നത്. ''അന്ന് കുല്‍ദീപിനെ കുറിച്ച് പറഞ്ഞത് അശ്വിന് വേദനിച്ചുവെങ്കില്‍ അതില്‍ ഞാന്‍ സന്തോഷവാനാണ്. ആ വേദനയിലാണ് അശ്വിന് ഇന്ന് എന്തെങ്കിലും ആവാന്‍ കഴിഞ്ഞത്. അന്ന് ഞാന്‍ പ്രതികരിച്ചപ്പോഴാണ് അശ്വിന്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ തോന്നിയത്. 

കുല്‍ദീപ് അവസരം നല്‍കിയതില്‍ തെറ്റില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവന് നന്നായി പന്തെറിയാനും സാധിച്ചു. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ഉള്ളകാര്യം തുറന്നുപറയുകയെന്നത് എന്റെ ജോലി. പരിശീലകന്‍ വെല്ലുവിളിച്ചാല്‍ അതേറ്റെടുക്കാന്‍ തയ്യാറായിരിക്കണം.'' ശാസ്ത്രി വ്യക്തമാക്കി. 

സിഡ്‌നി ടെസ്റ്റിന് ശേഷം കുല്‍ദീപിന് കാര്യമായ പ്രകടനമൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. എന്തിന് പറയുന്നു ഐപിഎല്ലില്‍ പോലും വേണ്ടത്ര അവസരം ലഭിച്ചില്ല. അശ്വിനാവട്ടെ മറ്റൊരു തലത്തിലേക്ക് വളരുകയും ചെയ്തു. ഇടക്കാലത്ത് ടെസ്റ്റില്‍ മാത്രം കളിച്ചിരുന്ന അശ്വിന്‍. ടി20 ലോകകപ്പിലും ഇടം നേടി. പിന്നാലെ ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയിലും കളിച്ചു.

click me!