SAvIND : ആദ്യ ടെസ്റ്റില്‍ മധ്യനിരയില്‍ ആരൊക്കെ, ടീം ഇന്ത്യ ആശയക്കുഴപ്പത്തില്‍; സസ്‌പെന്‍സ് പൊളിക്കാന്‍ കോലി

By Web TeamFirst Published Dec 24, 2021, 9:56 AM IST
Highlights

അജിന്‍ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നിവരില്‍ ആരെ തഴയുമെന്നതില്‍ തീരുമാനം ആയിട്ടില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) പരിക്കേറ്റ് പിന്മാറിയതോടെ ദക്ഷിണാഫ്രിക്കയില്‍ മുന്‍നിര ബാറ്റര്‍മാര്‍ക്കുള്ളത് വലിയ ഉത്തരവാദിത്തം. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND)  ടെസ്റ്റ് പരമ്പരയില്‍ മധ്യനിരയില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ (Team India). അജിന്‍ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നിവരില്‍ ആരെ തഴയുമെന്നതില്‍ തീരുമാനം ആയിട്ടില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) പരിക്കേറ്റ് പിന്മാറിയതോടെ ദക്ഷിണാഫ്രിക്കയില്‍ മുന്‍നിര ബാറ്റര്‍മാര്‍ക്കുള്ളത് വലിയ ഉത്തരവാദിത്തം. 

വൈസ് ക്യാപ്റ്റന്‍ കൂടിയായ കെ എല്‍ രാഹുലും (KL Rahul) ന്യുസീലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ചായ മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരാകും. നായകന്‍ വിരാട് കോലിയെ (Virat Kohli) പതിവു നാലാം നമ്പറില്‍ നിന്ന് മാറ്റാനാകില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടില്ലെങ്കിലും ന്യൂബോള്‍ ആക്രമണത്തിന്റെ മുനയൊടിക്കാന്‍ ചേതേശ്വര്‍ പൂജാരയെ വണ്‍ഡൗണില്‍ പ്രതീക്ഷിക്കാം.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് ആറാമനായാണോ അതോ ഏഴാം നമ്പറിലാകുമോ ക്രീസിലെത്തുക എന്നത് പ്രധാനം. ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരില്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ അവസരം നല്‍കാന്‍ സാധ്യതയുള്ളൂ. ദക്ഷിണാഫ്രിക്കയില്‍ എ ടീമിനായി മൂന്ന് അര്‍ധസെഞ്ച്വറി നേടി ഫോമിലുള്ള വിഹാരിയെ പാര്‍ട് ടൈം ബൗളറായും ഉപയോഗിക്കാം എന്നതാണ് സവിശേഷത.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറിന് വിദേശപിച്ചിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ അവസരം നല്‍കേണ്ടത് സ്വാഭാവികമായും പരിശീലകന്റെയും നായകന്റെയും ഉത്തരവാദിത്തമാകും.  അവസാന 16 ടെസ്റ്റില്‍ 25 റണ്‍സ് ശരാശരിയില്‍ മാത്രം റണ്‍സെടുത്തിട്ടുള്ള രഹാനെയുടെ പരിചയസമ്പത്ത് അവഗണിക്കാനാകില്ല. എന്തായാലും ക്രിസ്മസ് ദിനത്തിലെ വാര്‍ത്താസമ്മേളനത്തില്‍ കോലി സസ്‌പെന്‍സ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

click me!