ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യക്ക് ശാസ്ത്രിയുടെ അഭിനന്ദനം

By Web TeamFirst Published May 15, 2021, 8:38 PM IST
Highlights

ഒന്നാം സ്ഥാനം കാത്ത് സൂക്ഷിച്ച ടീം ഇന്ത്യയ്ക്ക് പരിശീലകന്റെ പൂര്‍ണ പിന്തുണയും കിട്ടി. മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ മുന്നേറ്റമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് രവി ശാസ്ത്രി പറയുന്നത്.
 

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് കോച്ച് രവി ശാസ്ത്രിയുടെ അഭിനന്ദനം. പ്രതിസന്ധിയിലും പൊരുതുന്ന ഈ ടീമില്‍ ഏറെ അഭിമാനമുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. ഓസ്‌ട്രേലിയ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെ സ്വന്തം നാട്ടിലും തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. 

പ്രധാന താരങ്ങളുടെ അഭാവത്തിലും നേടിയ വന്‍ വിജയങ്ങളാണ് ഇന്ത്യ നേടിയത്. ഒന്നാം സ്ഥാനം കാത്ത് സൂക്ഷിച്ച ടീം ഇന്ത്യയ്ക്ക് പരിശീലകന്റെ പൂര്‍ണ പിന്തുണയും കിട്ടി. മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ മുന്നേറ്റമെന്നാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് രവി ശാസ്ത്രി പറയുന്നത്. എല്ലാ തരത്തിലും അര്‍ഹിച്ച നേട്ടം. പോയിന്റ് കണക്കാക്കുന്ന രീതിയില്‍ ഐസിസി മാറ്റം വരുത്തിയിട്ടും ന്യൂസിലന്‍ഡിനെ ഒരു പോയിന്റിന് മറികടന്ന് ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞു. പ്രതിസന്ധികളില്‍ പതറാതെ കളിച്ച ടീമിനെ ട്വിറ്ററിലൂടെയണ് ശാസ്ത്രി അഭിനന്ദിച്ചത്. 

ഇന്ത്യക്ക് 121 പോയിന്റാണുള്ളത്. ന്യൂസിലന്‍ഡിന് 120 റേറ്റിംഗ് പോയിന്റാണുള്ളത്. ഓസ്‌ട്രേലിയയെ മറികടന്നു ഇംഗ്ലണ്ട് മൂന്നാമതെത്തി. ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന ലോക ടെസ്റ്റ് ചാപ്യംന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലന്‍ഡാണ്.

click me!