
മുംബൈ: കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഈ ലോകകപ്പിനുശേഷ് അത് അങ്ങനെയാവില്ലെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ദിനേശ് കാര്‍ത്തിക്, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവരാണ് ഇത്തവണ ലോകകപ്പ് ടീമിലെ പുതിയ മുഖങ്ങളെങ്കില്‍ ഈ ലോകകപ്പിനുശേഷം ഇത് അടുമുടി മാറുമെന്നാണ് രവി ശാസ്ത്രി പ്രവചിക്കുന്നത്.
കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. ഇപ്പോള്‍ പുറത്തുനിന്ന് കാര്യങ്ങള്‍ വിലയിരുത്തുന്ന ആളെന്ന നിലയില്‍ പറയുകയാണെങ്കില്‍ ഈ ലോകകപ്പിനെത്തിയിരിക്കുന്നത് ഇന്ത്യയുടെ കരുത്തുറ്റ ടീം തന്നെയാണ്. സൂര്യ നാലാമതും ഹാര്‍ദ്ദിക് അഞ്ചാമതും റിഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ ആറാമതും വരുന്ന ബാറ്റിംഗ് ലൈനപ്പ് കഴിഞ്ഞ ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി വലിയ വ്യത്യാസം ഉണ്ടാക്കും. ഇത്രയും ശക്തമായൊരു മധ്യനിരയുള്ളത് മുന്‍നരയിലെ ബാറ്റര്‍മാര്‍ക്ക് അടിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. ഇതൊക്കെയാണെങ്കിലും ഈ ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീം അടിമുടി മാറുമെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.
ഇത്തവണ ലോകകപ്പ് ജയിക്കണമെങ്കില്‍ ഇന്ത്യ ചിലകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഫീല്‍ഡിംഗ് ആണ് അതില്‍ പ്രധാനം. കഠിനാധ്വനം ചെയ്ത് ഏറ്റവും മികച്ച ഫീല്‍ഡിംപ് പ്രകടനം ഗ്രൗണ്ടില്‍ പുറത്തെടുത്താലെ ജയിക്കാനാവു. കാരണം ഫീല്‍ഡില്‍ സേവ് ചെയ്യുന്ന 15-20 റണ്‍സ് മത്സരഫലത്തില്‍ വലിയ വ്യത്യാസം ഉണ്ടാക്കും. അതില്ലെങ്കില്‍ ഓരോ തവണ ബാറ്റിംഗിനിറങ്ങുമ്പോഴും നിങ്ങള്‍ 15-20 റണ്‍സ് അധികം നേടേണ്ട ബാധ്യത വരും.
ഏഷ്യാ കപ്പില്‍ ശ്രീലങ്ക പുറത്തെടുത്ത ഫീല്‍ഡിംഗ് പ്രകടനം മാത്രം നോക്കു. അത്തരം പ്രകടനങ്ങളാണ് കീരീടങ്ങള്‍ സമ്മാനിക്കുന്നത്. ഫൈനലില്‍ അവര്‍ പാക്കിസ്ഥാനെതിരെ ഫീല്‍ഡിംഗില്‍ പുറത്തെടുത്ത മികവാണ് അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. അതുപോലെ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമെല്ലാം ഫീല്‍ഡില്‍ പറന്നുപിടിക്കുന്നവരാണെന്നും ശാസ്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!