
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള മത്സരക്രമം പുറത്തുവിട്ടതിന് പിന്നാലെ ലോകകപ്പിനുള്ള ടീം തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യ നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റര്‍മാരായി ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരുണ്ടായിരുന്നെങ്കില്‍ ഇത്തവണ അങ്ങനെയുള്ളവരാരും ടോപ് സിക്സില്‍ ഇല്ലെന്ന് ശാസ്ത്രി പറഞ്ഞു.
രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും വിരാട് കോലിയും കെ എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും എല്ലാം വലം കൈയന്‍മാരാണ്. ഓപ്പണറായി ഇടം കൈയന്‍ ബാറ്റര്‍ വേണമെന്നില്ലെങ്കിലും ടോപ് ഫോറിലോ ടോപ് സിക്സിലോ രണ്ട് ഇടം കൈയന്‍ ബാറ്റര്‍മാരെങ്കിലും വേണമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. ഇതുവരെ ലോകകപ്പ് നേടിയ ടീമുകളെ എടുത്താല്‍ എല്ലാ ടീമിലും നിര്‍ണായകമായത് ഇടം കൈയന്‍ ബാറ്റര്‍മാരുടെ സാന്നിധ്യമാണ്. 2011ല്‍ ഇന്ത്യക്ക് ഗംഭീറും യുവരാജും ഉണ്ടായിരുന്നു.1975ല്‍ ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമില്‍ ആല്‍വിന്‍ കാളീചരണ്‍, റോയ് ഫെഡ്രിക്സ്, ക്ലൈവ് ലോയ്ഡ് എന്നിവരുണ്ടായിരുന്നു. 19879ലും ഇവര്‍ വിന്‍ഡീസ് ടീമിലുണ്ടായിരുന്നു.
1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ മാത്രമാണ് ടോപ് ഓര്‍ഡറില്‍ ഇടം കൈയന്‍മാരില്ലാതിരുന്നത്. അന്ന് പക്ഷെ ഇന്ത്യയുടെ കിരീടനേട്ടം എല്ലാ പ്രവചനങ്ങള്‍ക്കും അപ്പുറമായിരുന്നു. 1987ല്‍ ഓസ്ട്രേലിയക്ക് അലന്‍ ബോര്‍ഡര്‍ അടക്കം നിരവധി പേരുണ്ടായിരുന്നു. 1996ല്‍ ശ്രീലങ്കക്കാകട്ടെ ജയസൂര്യ, രണതുംഗ, ഗുരുസിന്‍ഹ തുടങ്ങിയവരും 1999ലും 2003ലും 2007ലുമെല്ലാം ഓസ്ട്രേലിയക്ക് ഗില്‍ക്രിസ്റ്റും ഹെയ്ഡനം ബെവനുമെല്ലാം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കിരീടം നേടിയ ഇംഗ്ലണ്ട് ടീമിലും നിരവധി ഇടം കൈയന്‍മാരുണ്ട്.
ഇത്തവണ ഇന്ത്യന്‍ ടീമിന്‍റെ കാര്യമെടുത്താല്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറാവാന്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്. സഞ്ജു പക്ഷെ വലംകൈയന്‍ ബാറ്ററാണ്. യുവനിരയെടുത്താല്‍ യശസ്വി ജയ്‌സ്വാളും തിലക് വര്‍മയും ഏത് സീനിയര്‍ താരത്തിനും പകരക്കാരാവാന്‍ പറ്റിയവരാണെന്നും രവി ശാസ്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!