ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചത്. അന്ന് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഇത്തവണ ക്യാപ്റ്റനല്ലെങ്കിലും ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് കോലി.

മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് ലോകകപ്പിന് വേദിയാവുന്നത്. മുമ്പ് 1987,1996, 2011 വര്‍ഷങ്ങളില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ലോകകപ്പിന്‍റെ സംയുക്ത ആതിഥേയരായത്. ഇന്ത്യയിലെ 12 നഗരങ്ങളിലായാണ് ഇത്തവണ ലോകകപ്പ് നടക്കുക.

ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചത്. അന്ന് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഇത്തവണ ക്യാപ്റ്റനല്ലെങ്കിലും ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് കോലി. ലോകകപ്പ് മത്സരക്രമം പുറത്തുവിട്ടപ്പോള്‍ ആരാധകരെല്ലാം ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് വേദിയാവുന്ന അഹമ്മദാബാദിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഒക്ടോബര്‍ 15നാണ് അഹമ്മദാബാദില്‍ ഇന്ത്യ-പാക് മത്സരം നടക്കുക.

എന്നാല്‍ കോലി ആവേശംകൊള്ളുന്നത് അഹമ്മദാബാദില്‍ ഒരു ലക്ഷത്തോളം കാണികള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ചല്ല എന്നാണ് രസകരം. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ മുംബൈയിലെ വാംഖഡെയില്‍ കളിക്കുന്നതിനെക്കുറിച്ചാണ്. 2011ലെ ഏകദിന ലോകകപ്പില്‍ വാംഖഡെയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഈ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്ന മറ്റ് വേദികളെക്കാള്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നത് വാംഖഡെ ആണന്ന് കോലി പറയുന്നു.

ലോകകപ്പ് സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍ മുംബൈയില്‍ കളിക്കില്ല; ആവശ്യം അംഗീകരിച്ച് ഐസിസി

വ്യക്തിപരമായി മുംബൈയില്‍ കളിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അവിടുത്തെ അന്തരീക്ഷം അനുഭവിച്ച് അറിയേണ്ടത് തന്നെയാണെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു. 2011ല്‍ വാംഖഡെയില്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. പക്ഷെ അന്ന് ലോകകപ്പ് നേടിയത് എത്ര വലിയ നേട്ടമാണെന്ന് സീനിയര്‍ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ മനസിലായി.

സ്വന്തം നാട്ടില്‍ കിരീടം നേടുന്നതിന്‍റെ മഹത്വം എത്രമാത്രം വലുതാണെന്ന് അന്ന് അവിടെവെച്ചാണ് തിരിച്ചറിഞ്ഞതെന്നും കോലി പറഞ്ഞു. ലോകകപ്പ് മത്സരക്രമം അനുസരിച്ച് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് മുംബൈയില്‍ കളിക്കുക. യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുമായിട്ടായിരിക്കും മുംബൈയില്‍ ഇന്ത്യ കളിക്കുക. സെമിയിലെത്തിയാല്‍ ആദ്യ സെമി ഫൈനലും മുംബൈയിലാണ് നടക്കുക.