രണ്ടാം ടെസ്റ്റിലും ഇന്ത്യ ബാക്ക് ഫൂട്ടില്‍; ഗംഭീറിന്‍റെ തന്ത്രങ്ങള്‍ക്കെതിരെ തുറന്നടിച്ച് രവി ശാസ്ത്രി

Published : Nov 24, 2025, 06:42 PM IST
T20 WC 2021, Take a look on Ravi Shastri-s statistics as the coach of the Indian cricket team spb

Synopsis

ഇന്ത്യൻ ടീമിന്‍റെ സെലക്ഷനെക്കുറിച്ച് പറഞ്ഞാല്‍ ബുദ്ധിശൂന്യതയെന്നെ പറാനാവൂ എന്നും ഇത്രയും ഓള്‍ റൗണ്ടര്‍മാരെ കളിപ്പിക്കുന്നതിന് പിന്നിലെ ചിന്തയെന്താണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ശാസ്ത്രി.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരാജയഭീതിയിലായതോടെ കോച്ച് ഗൗതം ഗംഭീറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നു. മുന്‍ ഇന്ത്യൻ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും പകരം ഓള്‍ റൗണ്ടര്‍മാരെ കുത്തിനിറക്കുന്ന ഗംഭീറിന്‍റെ ശൈലിയാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെയും ഒരു പേസ് ഓള്‍ റൗണ്ടറെയും കളിപ്പിച്ചെങ്കിലും ഇവരില്‍ വാഷിംഗണ്‍ സുന്ദർ മാത്രമാണ് ഇതുവരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇന്ത്യൻ ടീമിന്‍റെ സെലക്ഷനെക്കുറിച്ച് പറഞ്ഞാല്‍ ബുദ്ധിശൂന്യതയെന്നെ പറാനാവൂ എന്നും ഇത്രയും ഓള്‍ റൗണ്ടര്‍മാരെ കളിപ്പിക്കുന്നതിന് പിന്നിലെ ചിന്തയെന്താണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ശാസ്ത്രി കമന്‍ററിക്കിടെ പറഞ്ഞു. കൊല്‍ക്കത്ത ടെസ്റ്റില്‍ നാലു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇതില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. അതിന് പകരം മറ്റൊരു സ്പെഷ്യലിസ്റ്റ് ബാറ്ററെ ടീമിലെടുക്കാമായിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എട്ടാമനായാണ് ബാറ്റിംഗിനിറങ്ങിയത്. കഴിഞ്ഞ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സുന്ദറിന് ഈ ടെസ്റ്റില്‍ ഗില്ലിന്‍റെ അഭാവത്തില്‍ നാലാം നമ്പറിലെങ്കിലും ബാറ്റിംഗിന് അയക്കണമായിരുന്നു. എട്ടാമനായി ഇറങ്ങേണ്ട ബാറ്ററല്ല സുന്ദറെന്നും രവി ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി 30 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ നാലു സ്പിന്നര്‍മാരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്. ഗുവാഹത്തിയില്‍ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചപ്പോള്‍ പേസ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ വെറും ആറോവര്‍ മാത്രമാണ് നിതീഷ് കുമാര്‍ റെഡ്ഡി പന്തെറിഞ്ഞത്. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ 10 റണ്‍സെടുത്ത് നിരാശപ്പെടുത്തുകയും ചെയ്തു.

സര്‍ഫറാസ് ഖാനെയും കരുണ്‍ നായരെയും പോലുള്ള സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരെയോ ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി തിളങ്ങുന്നവരെയോ തുടര്‍ച്ചയായി അവഗണിക്കുകയും ഐപിഎല്ലില്‍ തിളങ്ങിയതിന്‍റെ പേരില്‍ ഹര്‍ഷിത് റാണയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും പോലുള്ള താരങ്ങളെ ടീമിലെടുക്കുകയും ചെയ്യുന്നതിനെതിരെ ആണ് രവി ശാസ്ത്രിയുടെ വിമര്‍ശനം. ഗംഭീര്‍ പരിശീലകനായശേഷം ബംഗ്ലാദേശിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയുമുള്ള ടെസ്റ്റ് പരമ്പരകളില്‍ മാത്രമാണ് ഇന്ത്യ നാട്ടില്‍ ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍