അശ്വിന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മടങ്ങിയെത്താനാവില്ല: സുനില്‍ ഗാവസ്‌കര്‍

By Web TeamFirst Published Feb 21, 2021, 5:48 PM IST
Highlights

കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറാണ് എങ്കിലും വൈറ്റ് ബോളിലും അശ്വിന് മികച്ച റെക്കോര്‍ഡുണ്ട്. 

ദില്ലി: സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ തിരിച്ചെത്താനാവില്ല എന്ന് വ്യക്തമാക്കി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. പരിമിത ഓവര്‍ ക്രിക്കറ്റിലെ നിലവിലെ ടീം ഘടനയില്‍ അശ്വിനെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 2017ലാണ് അശ്വിന്‍ അവസാനമായി ഏകദിനമോ ടി20യോ കളിച്ചത്. 

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അശ്വിന്‍ ഇപ്പോള്‍ തിരിച്ചെത്തും എന്ന് തോന്നുന്നില്ല. ഏഴാം നമ്പറില്‍ ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രവീന്ദ്ര ജഡേജയുണ്ട്. പിന്നാലെ മൂന്ന് പേസര്‍മാരോ രണ്ട് പേസറും ഒരു സ്‌പിന്നറോ എത്തും. നിലവിലെ ടീം ഘടനയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എങ്കിലും കുറഞ്ഞത് ആറ് വര്‍ഷമെങ്കിലും അശ്വിനൊരു ടെസ്റ്റ് താരമായിരിക്കും എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറാണ് എങ്കിലും വൈറ്റ് ബോളിലും അശ്വിന് മികച്ച റെക്കോര്‍ഡുണ്ട്. 111 ഏകദിനങ്ങളില്‍ 150 വിക്കറ്റും 46 അന്താരാഷ്‌ട്ര ടി20കളില്‍ 52 വിക്കറ്റും സ്വന്തം. ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ 24-ാം തീയതി ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലാണ് അശ്വിന്‍ അടുത്തതായി കളിക്കുക. പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് മത്സരം. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും ഫോമിലാണ് രവിചന്ദ്ര അശ്വിന്‍. രണ്ട് മത്സരങ്ങളില്‍ 17 വിക്കറ്റ് അശ്വിന്‍ പേരിലാക്കിക്കഴിഞ്ഞു. രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പടെയാണിത്. ടെസ്റ്റ് കരിയറില്‍ ഇതിനകം 76 മത്സരങ്ങളില്‍ 29 അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പടെ 394 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട് അശ്വിന്‍. ഇതിനൊപ്പം 2626 റണ്‍സും അശ്വിന് സ്വന്തം. എന്നാല്‍ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് തുടങ്ങിയവരുടെ വരവോടെ അശ്വിന്‍റെ സാധ്യതകള്‍ കുറയുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം, പിന്നാലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ തെവാട്ടിയ

click me!