
ചെന്നൈ: വെസ്റ്റ് ഇന്ഡീസിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില് നിന്നും റിസ്റ്റ് സ്പിന്നര് കുല്ദീപ് യാദവിനെ ഒഴിവാക്കാനുള്ള ഇന്ത്യന് ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന് ഇന്ത്യന് സ്പിന്നര് രവിചന്ദ്രന് അശ്വിന്. കടുത്ത പോരാട്ടം നടക്കുന്ന പരമ്പരയില് കുല്ദീപിന്റെ സാന്നിധ്യം വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നുവെന്ന് അശ്വിന് പറഞ്ഞു. ഹൈദരാബാദില് ബുധനാഴ്ച നടന്ന നാലാം ടി20യില് ഇന്ത്യന് ബൗളിംഗ് നിര വീണ്ടും പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്ഡീസ് മൂന്ന വിക്കറ്റ് നഷ്ടത്തില് 247 റണ്സെന്ന കൂറ്റന് സ്കോറാണ് പടുത്തുയര്ത്തിയത്. മറുപടി ബാറ്റിംഗില് ഇന്ത്യക്ക് 223 റണ്സ് എടുക്കാനേ സാധിച്ചുള്ളൂ. 24 റണ്സിന്റെ തോല്വിയോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയിലായി. ഇതോടെ ശനിയാഴ്ച ബംഗളൂരുവില് നടക്കുന്ന അഞ്ചാം മത്സരം പരമ്പര വിജയികളെ നിര്ണയിക്കുന്ന ഫൈനലായി മാറി.
താരത്തെ പുറത്തിരുത്തിയത് സാമാന്യബോധത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു... ''ഇതെന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ബൗണ്സ് പ്രതീക്ഷിക്കുന്ന മൈതാനങ്ങളില് സ്പിന്നര്മാര്ക്ക് എപ്പോഴും മികച്ച റെക്കോര്ഡ് ഉണ്ടായിരിക്കണമെന്നില്ല. എങ്കിലും കുല്ദീപിന്റെ ഗൂഗ്ലിയും ലെഗ് സ്പിന്നും തിരിച്ചറിയാന് വെസ്റ്റ് ഇന്ഡീസ് ബാറ്റര്മാര് പ്രയാസപ്പെടുന്നുണ്ട്. അങ്ങനെയൊരു സാഹചര്യത്തില് അദ്ദേഹത്തെ ടീമില് നിന്ന് ഒഴിവാക്കിയത് സാമാന്യബോധമില്ലാത്ത തീരുമാനമാണ്. കുല്ദീപ് ഉണ്ടായിരുന്നെങ്കില് കളിയില് 15-20 റണ്സിന്റെ വ്യത്യാസമെങ്കിലും ഉണ്ടാക്കാന് സാധിക്കുമായിരുന്നു.'' അശ്വിന് വ്യക്തമാക്കി.
ലഖ്നൗവിലും റാഞ്ചിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും കുല്ദീപ് കളിച്ചിരുന്നു. എന്നാല് ഇന്ഡോറിലും ഹൈദരാബാദിലും നടന്ന മത്സരങ്ങളില് താരത്തെ പ്ലേയിംഗ് ഇലവനില് നിന്ന് ഒഴിവാക്കുകയായിരുന്നു. ആദ്യ മത്സരത്തില് 33 റണ്സിന് 2 വിക്കറ്റ് വീഴ്ത്തിയ താരം, റാഞ്ചിയിലെ രണ്ടാം മത്സരത്തില് 4 ഓവറില് 53 റണ്സ് വഴങ്ങിയിരുന്നു. റാഞ്ചിയില് റണ്സ് വഴങ്ങിയെങ്കിലും തോല്വിയുടെ ഭാരം കുല്ദീപിന്റെ തലയില് മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്ന് അശ്വിന് ചൂണ്ടിക്കാട്ടി. ഇന്ഡോര് സ്റ്റേഡിയത്തിന്റെ ചെറിയ ബൗണ്ടറികള് കാരണം താരത്തെ ഒഴിവാക്കിയതിനോട് യോജിക്കാമെങ്കിലും ഹൈദരാബാദിലും ആ തീരുമാനം തുടര്ന്നതാണ് അശ്വിനെ ചൊടിപ്പിച്ചത്.
'റാഞ്ചിയിലെ ഇന്ത്യയുടെ തോല്വിക്ക് കാരണം കുല്ദീപാണെന്ന് വരുത്തിതീര്ക്കുന്ന തരത്തിലാണ് കാര്യങ്ങള്. അത് തികച്ചും തെറ്റാണ്. ഇന്ഡോറിലെ ചെറിയ മൈതാനം കാരണം അദ്ദേഹത്തെ ഒഴിവാക്കിയതിനോട് എനിക്ക് യോജിക്കാം. എന്നാല് ഹൈദരാബാദിലും അത് ആവര്ത്തിച്ചത് അത്ഭുതപ്പെടുത്തി.'' അശ്വിന് കൂട്ടിച്ചേര്ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!