സ്മൃതി മന്ദാന ചരിത്രനേട്ടത്തിനരികെ; സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം

Published : Oct 15, 2026, 06:53 PM IST
Smriti Mandhana

Synopsis

സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ റായ്പൂരിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. അന്താരാഷ്ട്ര ടി20യിൽ 5000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററാകാൻ താരത്തിന് ഇനി 133 റൺസ് കൂടി മതി.

റായ്പൂര്‍: സിംബാബ്വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ നാളെയിറങ്ങുമ്പോള്‍ ചരിത്രനേട്ടമാണ് ഓപ്പണര്‍ സ്മൃതി മന്ദാനയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന നേട്ടത്തിലേക്ക് സ്മൃതിക്ക് ഇനി 133 റണ്‍സ് കൂടി മതി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഈ അപൂര്‍വ്വ നാഴികക്കല്ല് പിന്നിടാനുള്ള സുവര്‍ണാവസരമാണ് താരത്തിനുള്ളത്. 2013ല്‍ അരങ്ങേറ്റം കുറിച്ച മന്ദാന ഇതുവരെ 179 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നായി 31 ശരാശരിയിലും 127.47 സ്‌ട്രൈക്ക് റേറ്റിലും 4,867 റണ്‍സ് നേടിയിട്ടുണ്ട്.

രണ്ട് സെഞ്ചുറികളും 37 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. സിംബാബ്വെക്കെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണെന്നിരിക്കെ, മന്ദാനയ്ക്ക് ഈ ചരിത്രനേട്ടം സ്വന്തമാക്കാന്‍ മികച്ച സാധ്യതയുണ്ട്. സന്ദര്‍ശകര്‍ക്കെതിരെ മികച്ച തുടക്കം കുറിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുമ്പോള്‍, ബാറ്റിംഗ് നിരയിലെ മുന്‍നിരയില്‍ മന്ദാന നല്‍കുന്ന സ്ഥിരത നിര്‍ണായകമാകും. എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായി സ്മൃതി ചുമതലയേറ്റെടുക്കുന്ന പരമ്പര കൂടിയാണിത്.

ക്യാപ്റ്റനായുള്ള പുതിയ യുഗം

ഐച്ചി-നാഗോയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമെഡല്‍ നിലനിര്‍ത്താന്‍ സഹായിച്ച ശേഷം ഈ മാസം ആദ്യം സ്ഥാനമൊഴിഞ്ഞ ഹര്‍മന്‍പ്രീത് കൗറിന് പകരക്കാരിയായാണ് മന്ദാന നയിക്കാന്‍ എത്തുന്നത്. വിമന്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച മികച്ച ക്യാപ്റ്റന്‍സി പരിചയസമ്പത്ത് മന്ദാനയ്ക്കുണ്ട്. മുഴുവന്‍ സമയ ക്യാപ്റ്റനായി ഇന്ത്യയെ നയിക്കുന്ന ആദ്യ പരമ്പരയാണിതെങ്കിലും, നേരത്തെ താല്‍ക്കാലിക ക്യാപ്റ്റനായി താരം ചുമതല വഹിച്ചിട്ടുണ്ട്.

മുമ്പ് നയിച്ച 18 ട്വന്റി-20 മത്സരങ്ങളില്‍ 11 എണ്ണത്തിലും, 4 ഏകദിനങ്ങളില്‍ നാലിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ മന്ദാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. റായ്പൂരില്‍ ഒക്ടോബര്‍ 16, 18, 20 തീയതികളിലാണ് മൂന്ന് ടി20 മത്സരങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് വഡോദരയില്‍ ഒക്ടോബര്‍ 23, 25, 28 തീയതികളില്‍ ഏകദിന പരമ്പരയും നടക്കും. ഇന്ത്യയും സിംബാബ്വെയും തമ്മില്‍ നടക്കുന്ന കന്നി വനിതാ ക്രിക്കറ്റ് പരമ്പര എന്ന നിലയില്‍ ഈ പര്യടനം ചരിത്രപ്രാധാന്യമുള്ളതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരം: കേരള ടീമില്‍ മാറ്റം; യുവതാരം അഭിഷേക് നായര്‍ ടീമില്‍
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മാറ്റം, ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ഒഴിവാക്കി, റിക്കിള്‍ട്ടണ്‍ കീപ്പറാകും