ഇന്ത്യയുടെ ക്യാപ്റ്റനാവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് അശ്വിന്റെ ചോദ്യം; ജഡേജയുടെ മറുപടി ഇങ്ങനെ

Published : May 29, 2025, 02:30 PM IST
ഇന്ത്യയുടെ ക്യാപ്റ്റനാവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് അശ്വിന്റെ ചോദ്യം; ജഡേജയുടെ മറുപടി ഇങ്ങനെ

Synopsis

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാനുള്ള ആഗ്രഹം രവീന്ദ്ര ജഡേജ വെളിപ്പെടുത്തി. വ്യത്യസ്ത ക്യാപ്റ്റന്മാരുടെ കീഴിൽ കളിച്ച അനുഭവവും ധോണിയുടെ ക്യാപ്റ്റൻസി ശൈലിയെ കുറിച്ചും ജഡേജ പങ്കുവെച്ചു.

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് രവീന്ദ്ര ജഡേജ. ഇനി യുവതാരം ശുഭ്മാന്‍ ഗില്ലിന് കീഴില്‍ കളിക്കാന്‍ പോവുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ജഡേജയും ഇടം പിടിച്ചിട്ടുണ്ട്. 2012ല്‍ ധോണിക്ക് കീഴിലാണ് ജഡേജ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് കീഴിലും ജഡേജ കളിച്ചു. ഇത്രത്തോളം പരിചയസമ്പത്തുള്ള ജഡേജയ്ക്ക് ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റാനാവാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍ ക്യാപ്റ്റനാവാന്‍ ആഗ്രഹമുണ്ടോ എന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് ജഡേജ. ആര്‍ അശ്വിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഡേജ മറുപടി പറയുന്നത്. എന്നാല്‍ ആഗ്രഹമുണ്ടെന്നും ഇല്ലെന്നും അദ്ദേഹം പറയുന്നതില്ല. ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നായിരുന്നു അശ്വിന്റെ ചോദ്യം. 

ജഡ്ഡുവിന്റെ വിശദീകരണം... ''അതെ, തീര്‍ച്ചയായും! വര്‍ഷങ്ങളായി ഞാന്‍ വ്യത്യസ്ത ക്യാപ്റ്റന്മാരുടെ കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കളിച്ചിട്ടുള്ള ഓരോ ക്യാപ്റ്റന്റെയും മാനസികാവസ്ഥ എനിക്കറിയാം. ടീമിനെ എങ്ങനെ നയിക്കണമെന്നുള്ളത് ഓരോ ക്യാപ്റ്റനും വ്യത്യസ്തമായിട്ടാണ് ചിന്തിക്കുക. ഉദാഹരണത്തിന് എം എസ് ധോണി, ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ എല്ലാ ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്ത വളരെ ലളിതമാണ്. ഒരു ബാറ്റര്‍ ഷോട്ട് പായിക്കാന്‍ കഴിയുന്ന ഏരിയകളിലെല്ലാം ധോണി ഫീല്‍ഡറെ ഇടും. അത്തരത്തില്‍ ബാറ്റര്‍മാരെ അസ്വസ്ഥരാക്കുകയാണ് ധോണി ചെയ്യുന്നത്.'' ജഡേജ വ്യക്തമാക്കി.

ടെസ്റ്റ് - ടി20 ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്‍സിയെ കുറിച്ചും ജഡേജ  സംസാരിച്ചു. ''ടെസ്റ്റ് ക്രിക്കറ്റില്‍, ബൗളറുടെ ആവശ്യത്തിനനുസരിച്ച് രണ്ടോ മൂന്നോ ഫീല്‍ഡര്‍മാരെ മാറ്റേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റന്‍സി വ്യത്യസ്തമാണ്. ടി20 ക്രിക്കറ്റിലേത് പോലെ സങ്കീര്‍ണ്ണമല്ല ഇത്.'' ജഡേജ കൂട്ടിചേര്‍ത്തു. 

2022 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചിരുന്നു ജഡേജ. സ്ഥിരം ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ജഡേജയെ പുതിയ നായകനാക്കി നിയമിച്ചിരുന്നത്. എന്നാല്‍ ആദ്യ നാല് മത്സരങ്ങളില്‍ സിഎസ്‌കെ തോല്‍ക്കുകയും പോയിന്റ് പട്ടികയില്‍ ഏറ്റവും താഴേയ്ക്ക് വീഴുകയും ചെയ്തു. ഇതോടെ എട്ട് മത്സരത്തിന് ശേഷം ജഡേജയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ധോണി വീണ്ടും ക്യാപ്റ്റനാക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര