
രാജ്കോട്ട്: ആഷസ്(Ashes 2021-2022) പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വാലറ്റക്കാരുടെ മികവില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് അവിശ്വസനീയ സമനില പിടിച്ചതിന് പിന്നാലെ എം എസ് ധോണിയെ(MS Dhoni) കളിയാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ(Kolkata Knight Riders) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പരിഹാസ ട്വീറ്റ് വന്നതിന് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ രവീന്ദ്ര ജഡേജ(Ravindra Jadeja ). ഇംഗ്ലണ്ട് വാലറ്റക്കാരായ ജെയിംസ് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും വീഴ്ത്താനായി ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തിയ ഓസീസ് തന്ത്രത്തെക്കുറിച്ച് പരാമര്‍ശിച്ചാണ് കൊല്‍ക്കത്ത ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പരിഹാസ ട്വീറ്റിട്ടത്.
ഐപിഎല്ലില്‍ ഗൗതം ഗംഭീര്‍(Gautam Gambhir,) കൊല്‍ക്കത്ത നായകനായിരുന്ന കാലത്ത് ധോണി ക്രീസിലെത്തുമ്പോള്‍ ചുറ്റും ഫീല്‍ഡര്‍മാരെ നിര്‍ത്തിയിരുന്നത് പരാമര്‍ശിച്ചായിരുന്നു കൊല്‍ക്കത്തയുടെ ട്വീറ്റ്. ടെസ്റ്റ് ക്രിക്കറ്റിലെ ഈ ക്ലാസിക് തന്ത്രം ടി20 ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ അവതരിപ്പിച്ച മാസ്റ്റര്‍ സ്ട്രോക്ക് ആയിരുന്നുവെന്ന് പറഞ്ഞായിരുന്നു കൊല്‍ക്കത്തയുടെ ട്വീറ്റ്.
എന്നാല്‍ ഇതിന് മറുപടി നല്‍കിയ ജഡേജ ഇത് മാസ്റ്റര്‍ സ്ട്രോക്കല്ല വെറും ഷോ ആണെന്ന് പറഞ്ഞാണ് മറുപടി നല്‍കി. ഇന്ത്യന്‍ ടീമിലായിരുന്നപ്പോഴും ധോണിയും ഗംഭീറും അത്ര രസത്തിലായിരുന്നില്ല. ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിലും ടോപ് സ്കോററായിരുന്നിട്ടും ധോണിക്ക് മാത്രമായി പ്രശംസ പോകുന്നതില്‍ ഗംഭീര്‍ പലപ്പോഴും അസ്വസ്ഥനായിട്ടുമുണ്ട്.
തുടര്‍ന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നായകനായി ഗംഭീറും ചെന്നൈ നായകനായി ധോണിയും എത്തുന്ന മത്സരങ്ങളിലും ഇരുവരും തമ്മിലുള്ള ശീതസമരം കളിക്കളത്തിലും വ്യക്തമാവുമായിരുന്നു. ധോണി ക്രീസിലെത്തുമ്പോള്‍ വാലറ്റക്കാര്‍ക്കെന്ന പോലെ ഫീല്‍ഡര്‍മാരെ ചുറ്റും നിര്‍ത്തുന്നത് ഗൗതം ഗംഭീറിന്‍റെ പതിവ് തന്ത്രവുമായിരുന്നു. ഇതാണ് കൊല്‍ക്കത്ത പരാമര്‍ശിച്ചത്.
ധോണിക്ക് കീഴില്‍ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായി വളര്‍ന്ന ജഡേജ ടീം ഈ സീസണില്‍ ധോണിയേക്കാള്‍ കൂടുതല്‍ പണം നല്‍കി നിലനിര്‍ത്തിയ കളിക്കാരിലൊരാളുമാണ്. 16 കോടി രൂപ നല്‍കിയാണ് ചെന്നൈ ജഡേജയെ നിലനിര്‍ത്തിയത്. ധോണി നായകസ്ഥാനം ഒഴിയുമ്പോള്‍ ജഡേജയാകും ടീമിനെ നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.