
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ ബാറ്റിംഗ് നിരയില്‍ പരീക്ഷണം തുടരുന്നതിനിടെ ഏഷ്യാ കപ്പിനുള്ള ടീം കോംബിനേഷന്‍ സെറ്റായെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പും പിന്നാലെ ലോകകപ്പും നടക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മാത്രമെ ബാറ്റിംഗ്-ബൗളിംഗ് നിരയില്‍ പരീക്ഷണങ്ങള്‍ നടത്താനാവൂ എന്നും അതിനാലാണ് വിവിധ കോംബിനേഷനുകള്‍ പരീക്ഷിക്കുന്നതെന്നും ജഡേജ മൂന്നാം ഏകദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീം നടത്തിയ പരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് ജഡേജയുടെ വിശദീകരണം. ഏഷ്യാ കപ്പിനും ലോകകപ്പിനും മുമ്പുള്ള അവസാന പരമ്പരയാണിത്. ഏഷ്യാ കപ്പിലോ ലോകകപ്പിലോ പരീക്ഷണം നടത്താനാവില്ല. അതുകൊണ്ടാണ് ഈ പരമ്പരയില്‍ എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നത്. ടീം സന്തുലനം എങ്ങനെയായിരിക്കണണെന്നും ടീമന്‍റെ ശക്തിയും ദൗര്‍ബല്യവും എന്തൊക്കെയാണെന്നും തിരിച്ചറിയാനുള്ള അവസാന അവസരമാണിത്.
ഏഷ്യാ കപ്പിലും ലോകകപ്പിലും എന്തായിരിക്കണം പ്ലേയിംഗ് ഇലവന്‍ എന്നതിനെക്കുറിച്ച് ടീം ക്യാപ്റ്റനും മാനേജ്മെന്‍റിനും വ്യക്തമായ ധാരണയുണ്ട്. അതില്‍ ആശയക്കുഴപ്പമില്ല. പരീക്ഷണം നടത്തിയതുകൊണ്ടല്ല വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തോറ്റത്. ചിലസമയങ്ങളില്‍ സാഹചര്യങ്ങള്‍ പ്രതികൂലമാകാം. ഒരു തോല്‍വികൊണ്ട് ടീമിനാകെ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഏഷ്യാ കപ്പിലെ ടീം കോംബിനേഷന്‍ സംബന്ധിച്ച് തീരുമാനമെടുത്തുകഴിഞ്ഞുവെന്നും ജഡേജ പറഞ്ഞു. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വികൊണ്ട് ടീമിന്‍റെ ആത്മവിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ലെന്നും ജഡേജ വ്യക്തമാക്കി.
ഇന്ത്യന്‍ താരങ്ങള്‍ക്ക് പണമുള്ളതിന്‍റെ അഹങ്കാരമെന്ന് കപില്‍ ദേവ്; മറുപടി നല്‍കി രവീന്ദ്ര ജഡേജ
ഈ മാസം 30ന് തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണ് ഏഷ്യാ കപ്പ് ടീമിലും ഇടം കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ചെങ്കിലും സഞ്ജുവിന് ഒമ്പത് റണ്‍സെ നേടാനായുള്ളു.
സഞ്ജുവിനൊപ്പം ലോകകപ്പ് ടീമിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന ഇഷാന്‍ കിഷനാകട്ടെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഓപ്പണറായി ഇറങ്ങി അര്‍ധസെഞ്ചുറി നേടുകയും ചെയ്തിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അവസരം ലഭിച്ചാല്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് ഏഷ്യാ കപ്പ് ടീമിലെത്താനാവു. സഞ്ജുവിനെപ്പോലെ സൂര്യകുമാര്‍ യാദവിനും വിന്‍ഡീസിനെതിരായ അവസാന മത്സരം നിര്‍ണായകമാണ്.
ഷായ് ഹോപ്പും പുരാനും തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള വിന്‍ഡീസ് ടീമായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!