
അഹമ്മദാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം. ആദ്യ കിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്‌സും ഫൈനലില്‍ ഏറ്റുമുട്ടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കിരീടപ്പോരാട്ടം. ആരായാലും പുതിയ ചാമ്പ്യന്‍മാര്‍ ഉറപ്പ്. ഐപിഎല്ലില്‍ കിരീടം സ്വന്തമാക്കുന്ന എട്ടാമത്തെ ടീമാവാന്‍ രജത് പടിധാറിന്റേയും ശ്രേയസ് അയ്യരുടേയും പോരാളികള്‍ തയ്യാര്‍. സീസണില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണ.
ലീഗ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് ജയിച്ചു. രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും ജയം ആര്‍സിബിക്കൊപ്പം. വിരാട് കോലി, ഫില്‍ സാള്‍ട്ട് ഓപ്പണിംഗ് ജോഡി നല്‍കുന്ന തുടക്കം ആര്‍സിബിക്ക് പരമ പ്രധാനം. പരിക്ക് മാറി ടിം ഡേവിഡ് തിരിച്ചെത്തിയാല്‍ മധ്യനിരയ്ക്ക് കരുത്താവും. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ജോഷ് ഇന്‍ഗ്ലിസും നയിക്കുന്ന പഞ്ചാബ് ബാറ്റിംഗ് നിരയുടെ ശക്തിയും ദൗര്‍ബല്യവും അന്താരാഷ്ട്ര മത്സര പരിചയമില്ലാത്ത യുവ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ആര്‍സിബിയുടെ ജോഷ് ഹെയ്‌സല്‍വുഡിനും സൂര്യാഷ് ശര്‍മ്മയ്ക്കും അര്‍ഷ്ദീപ് സിംഗും യുസ്‌വേന്ദ്ര ചഹലുമാണ് പഞ്ചാബിന്റെ ബൗളിംഗ് മറുപടി.
കൂറ്റന്‍ സ്‌കോര്‍ പിറക്കുന്ന അഹമ്മദാബാദിലെ വിക്കറ്റില്‍ ഇത്തവണ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ കുറഞ്ഞ സ്‌കോര്‍ 196. എട്ട് കളിയില്‍ ആറിലും രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്ക് തോല്‍വി. എങ്കിലും മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യത. പഞ്ചാബ് ഇക്കുറി അബമ്മദാബാദില്‍ കളിച്ച രണ്ട് മത്സരത്തിലും ജയിച്ചപ്പോള്‍ ആര്‍സിബിക്ക് ആദ്യ അങ്കം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.
പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ / യൂസ്‌വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!