
കൊല്‍ക്കത്ത: ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിവീസ് ഫൈനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം മറികടന്നു. ഫിന്‍ അലന്‍ (33 പന്തില്‍ പുറത്തായാതെ 100) നേടിയ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.
ഗംഭീര തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ടിം സീഫെര്‍ട്ട് (33 പന്തില്‍ 58) - അലന്‍ സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 117 റണ്‍സ് ചേര്‍ത്തു. അപ്പോള്‍ തന്നെ ന്യൂസിലന്‍ഡ് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ പത്താം ഓവറില്‍ സീഫെര്‍ട്ടിനെ കഗിസോ റബാദ ബൗള്‍ഡാക്കി. 33 പന്തുകള്‍ന നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. സീഫെര്‍ട്ട് മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ കൂട്ടുപിടിച്ച് അലന്‍ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് വിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. ടി20 ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണ് അലന്‍ പൂര്‍ത്തിയാക്കിയത്. ഐസിസി ഫുള്‍ ടൈം മെമ്പര്‍ ടീമിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ സെഞ്ചുറി കൂടിയാണിത്.
നേരത്തെ, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലേക്ക് വന്നത്. ഡിവാള്‍ഡ് ബ്രേവിസ് (27 പന്തില്‍ 34), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്‌സുകളും ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തു. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ രണ്ട് ഓവറിനിടെ തന്നെ ക്വിന്റണ്‍ ഡി കോക്ക് (10), റിയാന്‍ റിക്കിള്‍ട്ടണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും കോള്‍ മക്‌കോഞ്ഞിയാണ് വീഴ്ത്തിയത്. പിന്നാലെ എയ്ഡന്‍ മാര്‍ക്രം - ബ്രേവിസ് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എട്ടാം ഓവറില്‍ മാര്‍ക്രം (20 പന്തില്‍ 18) മടങ്ങി. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്കും (6) പിടിച്ചുനില്‍ക്കാനായില്ല. ഇരുവരേയും രചിന്‍ രവീന്ദ്ര വീഴ്ത്തി. ഇതിനിടെ ബ്രേവിസും കൂടാരം കയറിയതോടെ അഞ്ചിന് 77 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
തുടര്‍ന്ന് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് - ജാന്‍സന്‍ സഖ്യം നേടിയ 73 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. സ്റ്റബ്‌സ് 19-ാം ഓവറില്‍ മടങ്ങി. കോര്‍ബിന്‍ ബോഷ് (2), കഗിസോ റബാദ (0) എന്നിവര്‍ വന്നത് പോലെ മടങ്ങിയെങ്കിലും ജാന്‍സന്‍ തുണയായി. 30 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. കേശവ് മഹാരാജ് (1) പുറത്താവാതെ നിന്നു. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. കിവീസിന് വേണ്ടി മാറ്റ് ഹെന്റി, മക്‌കോഞ്ഞി, രചിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!