തല്ലുമാല! ഹെഡിന് സെഞ്ചുറി, ക്ലാസന്റെ വെടിക്കെട്ട്; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് ഐപിഎല്ലിലെ റെക്കോഡ് സ്‌കോര്‍

By Web TeamFirst Published Apr 15, 2024, 9:23 PM IST
Highlights

ഗംഭീര തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മ (22 പന്തില്‍ 34) സഖ്യം 108 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്.

ബംഗളൂരു: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് 288 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും (41 പന്തില്‍ 102) ഹെന്റിച്ച് ക്ലാസന്റെ (31 പന്തില്‍ 67) ഇന്നിംഗ്‌സുമാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഹൈദാബാദ് സ്വന്തമാക്കിയത്. മാത്രമല്ല ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു. അബ്ദുള്‍ സമദിന്റെ (10 പന്തില്‍ 37) ബാറ്റിംഗാണ് ഹൈദരാബാദിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്.

അഭിഷേകിനെ റീസെ ടോപ്ലി മടക്കി. പിന്നാലെ ക്രീസിലെത്തിയത് ക്ലാസന്‍. മറുവശത്ത് ഹെഡ് ആക്രമണം തുടര്‍ന്നു. ക്ലാസനൊപ്പം 57 റണ്‍സ് ചേര്‍ത്താണ് ഹെഡ് മടങ്ങുന്നത്. ഐപിഎല്ലില്‍ ആദ്യ സെഞ്ചുറി നേടി ഹെഡ് പുറത്താവുമ്പോള്‍ എട്ട് സിക്‌സും ഒമ്പത് ഫോറും നേടിയിരുന്നു.

ഇതിനിടെ ക്ലാസന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 31 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. ലോക്കി ഫെര്‍ഗൂസണ്‍ വിക്കറ്റ് നല്‍കിയാണ് ക്ലാസന്‍ മടങ്ങുന്നത്. അദ്ദേഹം മടങ്ങുമ്പോള്‍ മൂന്നിന് 231 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നാലെ മാര്‍ക്രം (17 പന്തില്‍ 32) - സമദ് സഖ്യം 56 റണ്‍സും ചേര്‍ത്തു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സമദിന്റെ ഇന്നിംഗ്‌സ്. മാര്‍ക്രം രണ്ട് വീതം സിക്‌സും ഫോറും നേടി.

മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്. മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ പുറത്തായി. ലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് ആര്‍സിബിക്കായി അരങ്ങേറി. ഹൈദരബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ബംഗ്ലാദേശിനെതിരായ വനിതാ ടി20: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ ടീമില്‍; മിന്നുവിന് ഇടമില്ല

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, രജത് പടീദാര്‍, സൗരവ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, വിജയ്കുമാര്‍ വൈശാക്, റീസ് ടോപ്ലി, ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മര്‍ക്രം, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്ട്, ടി നടരാജന്‍.

click me!