ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല.

ബംഗളൂരു: മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്ലിലെ പ്രകടനമാണ് ഇരുവര്‍ക്കും ടീമില്‍ അവസരം നല്‍കിയത്. ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്. സജന വയനാട്ടില്‍ നിന്നുള്ള താരമാണ്. ആശ തിരുവനന്തപുരം സ്വദേശിയാണ്. ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ്. 

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്്റ്റന്‍) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂര്‍, തിദാസ് സധു.

വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ സജന വരവറിയിച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്‌സ് അടിച്ചാണ് സജന മുംബൈയെ ജയിപ്പിച്ചത്. ഡല്‍ഹിക്കെതിരെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ആദ്യ പന്ത് നേരിട്ട സജ്‌ന ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ പടുകൂറ്റന്‍ സിക്‌സിലൂടെ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

പിന്നാലെ താരത്തെ വാഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുംബൈ ബാറ്റിംഗ് നിരയില്‍ ഒമ്പതാം നമ്പറിലാണ് ഇറങ്ങിയതെങ്കിലും 29കാരിയായ സജ്‌ന മുംബൈ ഇന്ത്യന്‍സിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡാണെന്നാണ് സഹതാരം യാസ്തിക ഭാട്ടിയ വിശേഷിപ്പിച്ചത്. ഈ ഐപിഎല്ലില്‍ നോട്ടമിടേണ്ട താരങ്ങളിലൊരാളാണ് സജ്‌നയെന്ന് മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മത്സരത്തിന് മുമ്പെ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു യാസ്തികയുടെ കമന്റ്.