
നവി മുംബൈ: ഐസിസി വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയെ തേടി റെക്കോര്‍ഡ്. നിര്‍ണായക മത്സരത്തില്‍ 95 പന്തില്‍ 109 റണ്‍സ് നേടിയാണ് മന്ദാന പുറത്തായത്. നാല് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിംഗ്‌സ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാന്‍ മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പമാണ് മന്ദാന ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. തന്റെ 14-ാം സെഞ്ചുറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. 15 സെഞ്ചുറികളുള്ള ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (13), ഇംഗ്ലണ്ടിന്റെ താമി ബ്യൂമോണ്ട് (12), നതാലി സ്‌കിവര്‍ ബ്രന്റ് (10) എന്നിവരണ് മന്ദാനയ്ക്ക് പിറകിലുള്ളത്. പ്രതിക റാവലിനൊപ്പമുള്ള കൂട്ടുകെട്ട് മറ്റൊരു റെക്കോര്‍ഡ് ബുക്കില്‍ കൂടി ഇടം പിടിച്ചു. രണ്ട് തവണ 200ലധികം റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുന്ന സഖ്യമായിരിക്കുകയാണ് ഇരുവരും.
മന്ദാനയ്ക്ക് പുറമെ പ്രതികയും സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 111 റണ്‍സുമായി പ്രതിക ഇപ്പോഴും ക്രീസിലുണ്ട്. കരിയറിലെ രണ്ടാം ഏകദിന സെഞ്ചുറിയാണിത്. 13 ബൗണ്ടറികളാണ് താരം നേടിയത്. 122 പന്തുകളില്‍ നിന്നാണ് സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തില്‍ ഇന്ത്യ 40 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. ജമീമ റോഡ്രിഗസ് (17) പ്രതികയ്ക്ക് കൂട്ടായി ക്രീസിലുണ്ട്.
അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ നാലാമതും ന്യൂസിലന്‍ഡ് അഞ്ചാമതുമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമിയിലേക്ക് ഒരു പടി കൂടി അടുക്കാം. റണ്‍റേറ്റിന്റെ മുന്‍തൂക്കവും അനുകൂലമാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), സ്‌നേഹ റാണ, ക്രാന്തി ഗൗദ്, ശ്രീ ചരണി, രേണുക താക്കൂര്‍.
ന്യൂസിലന്‍ഡ്: സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗേസ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!