
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മോശം ഫോമിലുള്ള നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്നും അടുത്ത ലേലത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാൻ നോക്കണമെന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. തുടർച്ചയായ മൂന്നാം സീസണിലാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ ലീഗ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്.
ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് വെറും 28.08 ശരാശരിയിലും 123.44 എന്ന സ്ട്രൈക്ക് റേറ്റിലും 337 റൺസ് മാത്രമാണ് റുതുരാജിന് നേടാനായത്. ബാറ്റിങ്ങിന് പുറമെ നായകനെന്ന നിലയിലും റുതുരാജ് പലപ്പോഴും പരാജയപ്പെട്ടിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ഇനി ചെയ്യേണ്ടത് റുതുരാജിനെ ലേലത്തിൽ വിടുക എന്നതാണ്. പിന്നീട് ഇപ്പോഴുള്ളതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് അവനെ തിരികെ ടീമിലെത്തിക്കാൻ നോക്കുന്നതാവും ബുദ്ധി. ചെന്നൈക്ക് ഇപ്പോൾ ആവശ്യം തുടക്കം മുതലേ തകർത്തടിക്കുന്ന ഒരു വിദേശ ഓപ്പണറെയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫിൻ അലനെ കൊണ്ടുവന്നത് നോക്കൂ, അവൻ ഫോമിലായതോടെ കെകെആർ തുടർച്ചയായി ജയിക്കാൻ തുടങ്ങി. സത്യത്തിൽ റുതുരാജ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യേണ്ടത്. ഈ സീസണിൽ അവൻ ചെന്നൈയുടെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായി എന്നത് തന്നെ ആ ടീമിന്‍റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് തെളിവാണ്."
ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി 18 കോടി രൂപയ്ക്കാണ് ചെന്നൈ റുതുരാജിനെ നിലനിർത്തിയിരുന്നത്. ഈ സീസണിൽ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് റുതുരാജ് ചെന്നൈക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. റുതുരാജിന് 2021, 2023 സീസണുകളിൽ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചരിത്രമുണ്ടെങ്കിലും ഇപ്പോഴത്തെ പ്രകടനം വളരെ ദയനീയമാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ഒരു ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും അവൻ ഈ സീസണിൽ പൂർണ്ണ പരാജയമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അവൻ ടെസ്റ്റ് ക്രിക്കറ്റാണ് കളിച്ചത്. ആ പന്തുകളിൽ ഒരു 15 റൺസ് കൂടി അധികം നേടിയിരുന്നെങ്കിൽ ചെന്നൈക്ക് ജയിക്കാമായിരുന്നു. ഒരു മോശം സീസൺ നോക്കി ഒരാളെ വിലയിരുത്തരുത് എന്ന് പലരും പറയുമായിരിക്കും. എന്നാൽ പ്രൊഫഷണൽ ക്രിക്കറ്റിൽ വ്യക്തിബന്ധങ്ങള്‍ നോക്കേണ്ടതില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
ലേലത്തിൽ വിട്ടാൽ പകുതി വിലയ്ക്ക് എനിക്ക് അവനെ തിരികെ ലഭിക്കും. അവൻ മറ്റ് ഏതെങ്കിലും ടീമിലേക്ക് പോയാലും ചെന്നൈക്ക് പ്രശ്നമില്ല, പകരം പുതിയ ആരെയെങ്കിലും കണ്ടെത്താം. മുൻപ് അവർ ഡെവൻ കോൺവെയോടും ഇത് തന്നെയാണ് ചെയ്തത്. ചെന്നൈ ടീന്‍റെ ഭാവി പദ്ധതികളിൽ റുതുരാജിന് സ്താനമുണ്ടാകില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി കളിച്ച 19 മത്സരങ്ങളിൽ നിന്ന് വെറും 459 റൺസ് മാത്രമാണ് റുതുരാജിന് നേടാനായത്. മുൻ സീസണുകളിൽ സ്ഥിരമായി ചെന്നൈക്കായി 550-ലധികം റൺസ് റുതുരാജ് നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!