
മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പട്ടൗഡി ട്രോഫി എന്നാണ് അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര അറിയപ്പെടുന്നത്. ഈ പേര് മാറ്റി ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും ജെയിംസ് ആന്‍ഡേഴ്സണിന്റെയും പേരിലാക്കുമെന്നുള്ളതാണ് വാര്‍ത്ത. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20ന് ഹെഡിംഗ്ലിയിലാണ് ആരംഭിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് 75 വര്‍ഷങ്ങള്‍ തികയുന്ന വേളയില്‍ 2007ലാണ് പരമ്പരയ്ക്ക് പട്ടൗഡി ട്രോഫിയെന്ന് പേരിട്ടത്.
ഇത്തവണ പരമ്പര പട്ടൗഡി ട്രോഫി എന്ന പേരിലല്ല, പകരം ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫി എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ''ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയികള്‍ക്ക് നല്‍കുന്ന പട്ടൗഡി ട്രോഫി ഇസിബി പിന്‍വലിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അസ്വസ്ഥപ്പെടുത്തുന്നതാണ്. തീരുമാനം പൂര്‍ണ്ണമായും ഇസിബിയുടേതാണ്, ബിസിസിഐയെ ഇക്കാര്യം അറിയിച്ചിരിക്കാം. ഇംഗ്ലണ്ടിലും ഇന്ത്യയിലും പട്ടൗഡികള്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളോട് ഇത് തികഞ്ഞ അനാദരവാണ് കാണിക്കുന്നത്.'' ഗവാസ്‌കര്‍ വ്യക്തമാക്കി.
1989നും 2013 നും ഇടയില്‍ 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ 15,921 റണ്‍സുമായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ കളിക്കാരനായി തുടരുന്നു. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ പേസ് ബൗളറുമാണ് ആന്‍ഡേഴ്സണ്‍, 704 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആന്‍ഡേഴ്‌സണ്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ഇംഗ്ലീഷ് ക്രിക്കറ്റിന് സംഭാവന നല്‍കുന്നത് തുടരുകയാണ്. ഇപ്പോഴും ലങ്കാഷെയറിനായി കൗണ്ടി ക്രിക്കറ്റില്‍ സജീവമായി തുടരുന്നു.
ഇരുവരും തമ്മില്‍ 14 ടെസ്റ്റുകളില്‍ പരസ്പരം ഏറ്റുമുട്ടി. അതില്‍ ആന്‍ഡേഴ്സണ്‍ ഒമ്പത് തവണ സച്ചിനെ പുറത്താക്കി. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സ്വീകരിച്ച സമാനമായ നടപടിയുടെ തുടര്‍ച്ചയാണ് ട്രോഫിയുടെ പേര് മാറ്റാനുള്ള ഈ നീക്കം. കഴിഞ്ഞ വര്‍ഷം മുന്‍ കളിക്കാരായ മാര്‍ട്ടിന്‍ ക്രോയുടെയും ഗ്രഹാം തോര്‍പ്പിന്റെയും പേരില്‍ ക്രോ-തോര്‍പ്പ് ട്രോഫി അവര്‍ അവതരിപ്പിച്ചിരുന്നു.