
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിടെ കാല്‍ പാദത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പരമ്പര തന്നെ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടലേറ്റ താരത്തിന് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പന്തിന് വേണമെങ്കില്‍ ബാറ്റിംഗ് തുടരാവുന്നതാണ്. എന്നാല്‍ ടീം മാനേജ്‌മെന്റ് താരത്തിന് ക്രീസിലേക്ക് അയക്കാന്‍ സാധ്യതയില്ല. പൊട്ടലുള്ള കാലുമായി ക്രീസില്‍ ഉറച്ചുനില്‍ക്കുന്നത് തന്നെ താരത്തിന് പ്രയാസമായിരിക്കും. പന്തിന് പകരം ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.
അവസാന ടെസ്റ്റില്‍ ജുറലിന് കളിക്കാനുള്ള അവസരവും ഉണ്ടായേക്കും. പന്തിന് പകരം ഇഷാന്‍ കിഷനെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തും. പരമ്പരയ്ക്കിടെ പരിക്കേല്‍ക്കുന്ന നാലാമത്തെ താരമാണ് പന്ത്. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കിനെ തുടര്‍ന്ന് അവസാന രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആകാശ് ദീപിന് നാലാം ടെസ്റ്റ് നഷ്ടമായി. അര്‍ഷ്ദീപിന് സിംഗിനും നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.
നേരത്തെ, മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ അതേര്‍ട്ടണ്‍ റിഷഭ് പന്ത് ഇല്ലാത്ത സാഹചര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''പന്തിന് പരമ്പര നഷ്ടമായാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സ്വാഭാവികമായിട്ടും നാലിന് 264 എന്നത് അഞ്ചിന് 264 എന്നായി മാറും. പുതിയ ബോളില്‍ പന്തെറിയുമ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ഏറെ എളുപ്പമാവുമെന്നാണ് കരുതുന്നത്. എന്നാല്‍ പന്ത് ബാറ്റിംഗ് പുനരാരംഭിച്ചാല്‍, അദ്ദേഹത്തിന് കളി മാറ്റാന്‍ കഴിയും. പക്ഷേ അത് വളരെ ഗുരുതരമായ പരിക്കായി തോന്നി.'' അതേര്‍ട്ടണ്‍ വ്യക്തമാക്കി.
നേരത്തെ, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പന്തിനെ കുറിച്ച് സംസാരിച്ചിരുന്നു. പന്തിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് അദ്ദേഹം പറയുന്നുണ്ട്. പോണ്ടിംഗിന്റെ വാക്കുകള്‍... ''പന്ത് കഷ്ടിച്ചാണ് കാല്‍ നിലത്ത് വെക്കുന്നത്. പെട്ടെന്നുള്ള വീക്കം എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. പരിക്കേറ്റ ഭാഗത്തുള്ള അസ്ഥികള്‍ ദുര്‍ബലമാണ്. ആ പരിക്കും വച്ചുകൊണ്ട് ശരീരഭാരം താങ്ങാന്‍ പന്തിന് കഴിയുന്നുണ്ടായിരുന്നില്ല. അത് ഒട്ടും നല്ലതായി തോന്നുന്നില്ല. ഒടിവുണ്ടെങ്കില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താവും. ഇനി വലിയ പരിക്കില്ലെങ്കില്‍ തിരികെ കൊണ്ടുവരാന്‍ അവര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇനിയും അദ്ദേഹം റിവേഴ്‌സ് സ്വീപ്പുകള്‍ കളിക്കില്ലെന്ന് പ്രതീക്ഷിക്കാം.'' പോണ്ടിംഗ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!